ലവ്ജിഹാദ് കൊല:  കൊലപാതകിക്ക് അഭിവാദ്യം അര്‍പ്പിച്ച് ബിജെപി അനുകൂല വാട്ട്‌സ് അപ്പ് ഗ്രൂപ്പിലും സന്ദേശം 

അഫ്രസുലിനെ കൊല്ലപ്പെടുത്തിയ കേസിലെ പ്രതിയായ ശംഭുലാല്‍ രേഹറിന് അഭിവാദ്യം അര്‍പ്പിച്ച് എംപിയും എംഎല്‍എയും ഉള്‍പ്പെടുന്ന ബിജെപി അനുകൂല വാട്ട്‌സ് അപ്പ് ഗ്രൂപ്പില്‍ വരെ സന്ദേശങ്ങള്‍
ലവ്ജിഹാദ് കൊല:  കൊലപാതകിക്ക് അഭിവാദ്യം അര്‍പ്പിച്ച് ബിജെപി അനുകൂല വാട്ട്‌സ് അപ്പ് ഗ്രൂപ്പിലും സന്ദേശം 

ജയ്പൂര്‍: രാജസ്ഥാനില്‍ ലവ്ജിഹാദ് ആരോപിച്ച് കുടിയേറ്റ തൊഴിലാളിയായ അഫ്രസുലിനെ കൊല്ലപ്പെടുത്തിയ കേസിലെ പ്രതിയായ ശംഭുലാല്‍ രേഹറിന് അഭിവാദ്യം അര്‍പ്പിച്ച് എംപിയും എംഎല്‍എയും ഉള്‍പ്പെടുന്ന ബിജെപി അനുകൂല വാട്ട്‌സ് അപ്പ് ഗ്രൂപ്പില്‍ വരെ സന്ദേശങ്ങള്‍. ബിജെപി എംപി രാജ്‌സമന്ദ് ഹരിയോം സിങ് റാത്തോര്‍, എംഎല്‍എ കിരണ്‍ മഹേശ്വരി എന്നിവര്‍ അംഗങ്ങളായുളള വാട്ട്‌സ്അപ്പ് ഗ്രൂപ്പില്‍ അടക്കമാണ് ശംഭുലാലിന് അഭിവാദ്യം അര്‍പ്പിച്ച് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ജയ് ശ്രീറാം മുദ്രാവാക്യങ്ങളോടെ 'ലവ് ജിഹാദികള്‍ സൂക്ഷിക്കുക, ശംഭുലാല്‍ ഉണര്‍ന്നിരിക്കുന്നു' എന്ന അര്‍ത്ഥത്തില്‍ ഹിന്ദിഭാഷയില്‍ ശംഭുലാലിനെ പ്രകീര്‍ത്തിക്കുന്ന സന്ദേശമാണ് ബിജെപി അനുകുല ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടത്. 


ബിജെപി പ്രവര്‍ത്തകനായ പ്രേംമാലി രൂപികരിച്ച സ്വച്ച് രാജ്‌സമന്ദ്, സ്വച്് ഭാരത് എന്ന വാട്ട്‌സ് അപ്പ് ഗ്രൂപ്പിലാണ് ഈ സന്ദേശം പ്രചരിച്ചത്. വിഭിന്നമായ വിശ്വാസപ്രമാണങ്ങളില്‍ വിശ്വസിക്കുന്നവര്‍ , അവരവരുടെ അഭിപ്രായം ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുകയും, ഷെയര്‍ ചെയ്യുകയും ചെയ്യുന്നതില്‍ താന്‍ എന്തുപറയാനാണ് എന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് പ്രേംമാലിയുടെ പ്രതികരണം. 

ശംഭുലാലിന് നീതി ലഭ്യമാക്കാന്‍ സൗജന്യമായി നിയമസഹായം നല്‍കാന്‍ സുഖ്‌ദേവ് ഉജ്വല്‍ എന്ന വക്കീല്‍ തയ്യാറാണെന്ന് ചൂണ്ടികാണിക്കുന്നതാണ് മറ്റൊരു സന്ദേശം. എന്നാല്‍ ഗ്രൂപ്പില്‍ പ്രചരിക്കുന്ന സന്ദേശം സുഖ്‌ദേവ് ഉജ്വല്‍ നിരാകരിച്ചു. ശംഭുലാലിന്റെ കേസ് ഏറ്റെടുക്കാന്‍ ഒരു ഉദേശവുമില്ലെന്ന് സുഖ്‌ദേവ് ഉജ്വല്‍ പ്രതികരിച്ചു. ഇതുസംബന്ധിച്ച് തങ്ങള്‍ക്ക് ഒരു അറിവും ഇല്ലെന്നായിരുന്നു ബിജെപി എംപി രാജ്‌സമന്ദ് ഹരിയോം സിങ് റാത്തോറിന്റെയും എംഎല്‍എ കിരണ്‍ മഹേശ്വരിയുടെയും പ്രതികരണം. 


ദിവസങ്ങള്‍ക്ക് മുന്‍പാണ് ബംഗാള്‍ സ്വദേശിയായ അഫ്രസുല്‍ കൊലചെയ്യപ്പെട്ടത്. ലൗവ് ജിഹാദ് ആരോപിച്ച്് മുസ്ലീം മതവിശ്വാസിയായ യുവാവിനെ തീവ്രഹിന്ദുത്വവാദികള്‍ വെട്ടിക്കൊല്ലുകയായിരുന്നു.സംഭവത്തില്‍ ശംഭുലാല്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

രാജസ്ഥാനിലെ രാജ്‌സമന്ദിലില്‍ കരാര്‍ ജീവനക്കാരനായ അഫ്രസുലിനെ ജോലി നല്‍കാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ശംഭുലാല്‍ കൊല്ലപ്പെടുത്തി എന്നാണ് കേസ്.  ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ വാട്ട്‌സ് അപ്പിലുടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ രാജ്യമൊട്ടാകെ വ്യാപക പ്രതിഷേധമാണുണ്ടായത്. 

ജിഹാദികള്‍ ഇന്ത്യയില്‍ നിന്ന് പോയില്ലെങ്കില്‍ ഇതായിരിക്കും വിധിയെന്ന് ശംഭുലാല്‍ ആക്രോശിക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. ശംഭുലാലിന്റെ സഹോദരിയുമായി അഫ്രസുലിന് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com