കോണ്‍ഗ്രസിനെ മതേതര പാര്‍ട്ടിയെന്ന് വിളിക്കാനാവില്ല : പ്രകാശ് കാരാട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th December 2017 10:44 AM  |  

Last Updated: 11th December 2017 10:44 AM  |   A+A-   |  

ന്യൂഡല്‍ഹി : കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് പ്രകാശ് കാരാട്ട്. കോണ്‍ഗ്രസിനെ മതേതര പാര്‍ട്ടിയെന്ന് വിളിക്കാനാകില്ല. മതേതര പാര്‍ട്ടിയാണെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. എന്നാല്‍ ആ പാര്‍ട്ടിയുടെ മതേതരത്വം ദുര്‍ബലമാണ്. വര്‍ഗീയതയ്‌ക്കെതിരെ പലപ്പോഴും വിട്ടുവീഴ്ചയും, ചാഞ്ചാട്ടവും കോണ്‍ഗ്രസ് പ്രകടിപ്പിക്കുന്നു. 1992 ല്‍ അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ നമ്മള്‍ ഇത് കണ്ടതാണ്. അന്ന് എന്താണ് സംഭവിച്ചത്. പി വി നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അക്രമികളെ തുരത്താതെ ഓടിയൊളിക്കുകയായിരുന്നു. ശക്തമായ നടപടികള്‍ സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്ന് അക്രമികള്‍ അഴിഞ്ഞാടുകയായിരുന്നുവെന്ന് കാരാട്ട് കുറ്റപ്പെടുത്തി.

മതേതര പാര്‍ട്ടിയാണെന്നാണ് കോണ്‍ഗ്രസ് ഇപ്പോഴും അവകാശപ്പെടുന്നത്. എന്നാല്‍ ഹിന്ദുത്വ ശക്തികളുടെ ഭീഷണി നേരിടുന്നതില്‍ കോണ്‍ഗ്രസ് പലപ്പോഴും ചാഞ്ചാടി കളിക്കുകയും വിട്ടുവീഴ്ചയോടെ പെരുമാറുകയും ചെയ്യുകയാണ്. പൊതു തെരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും മൂന്നിലൊന്ന് സീറ്റ് സ്ത്രീകള്‍ക്ക് നല്‍കാത്തതെന്തെന്ന ചോദ്യത്തിന്, അത് വലിയ കുഴപ്പം പിടിച്ച പോരാട്ടമാണ്. ഇടതുപാര്‍ട്ടികള്‍ പോലും അതിന് ഇപ്പോഴും സജ്ജമായിട്ടില്ല. വനിതകള്‍ക്ക് അര്‍ഹമായ സ്ഥാനമാനങ്ങള്‍ പാര്‍ട്ടിയില്‍ നല്‍കുന്നത് പോലും വളരെ പ്രയാസകരമാണ്. എന്നാല്‍ അതിനുള്ള പോരാട്ടത്തിലാണ് പാര്‍ട്ടി.  

വനിതാസംവരണ ബില്‍ ബിജെപി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്നും പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. ലോക്‌സഭയില്‍ ബിജെപിയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്. കോണ്‍ഗ്രസും ബില്ലിനെ പിന്തുണയ്ക്കുന്നു. ഈ സാഹചര്യത്തില്‍ മറ്റു ചെറു പാര്‍ട്ടികളുടെ പ്രതിഷേധം കണക്കിലെടുക്കേണ്ടതില്ല. എന്നിട്ടും ബില്‍ അവതരിപ്പിക്കാന്‍ ബിജെപി മടിക്കുകയാണെന്നും പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി. 

ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതര പാര്‍ട്ടികളുമായി കൂട്ടുചേരണമെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്‍ദേശം പാര്‍ട്ടി പൊളിറ്റ് ബ്യൂറോ തള്ളിയിരുന്നു. കാരാട്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യെച്ചൂരിയുടെ നിര്‍ദേശത്തിനെതിരെ രംഗത്തുവന്നത്. കോണ്‍ഗ്രസുമായി യാതൊരു സഖ്യമോ ധാരണയോ ഒന്നും വേണ്ടെന്നാണ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. കേരള ഘടകം കാരാട്ട് പക്ഷത്തിനൊപ്പമാണ്. അതേസമയം കോണ്‍ഗ്രസുമായി ബന്ധമാകാമെന്നാണ് യെച്ചൂരിയെ പിന്തുണയ്ക്കുന്ന ബംഗാള്‍ ഘടകം ആവശ്യപ്പെടുന്നത്.