മോദിയുടെ ജലവിമാന യാത്ര രാജ്യത്തെ ആദ്യ സംഭവമോ?; അതും നുണ....

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജലവിമാന യാത്ര രാജ്യത്തെ ആദ്യത്തെ സംഭവമാണ് എന്ന ബിജെപിയുടെ അവകാശവാദം പൊളിയുന്നു
മോദിയുടെ ജലവിമാന യാത്ര രാജ്യത്തെ ആദ്യ സംഭവമോ?; അതും നുണ....

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജലവിമാന യാത്ര രാജ്യത്തെ ആദ്യത്തെ സംഭവമാണ് എന്ന ബിജെപിയുടെ അവകാശവാദം പൊളിയുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ അവകാശവാദത്തിന്റെ പൊളളത്തരം ചോദ്യംചെയ്യുന്നത്.  രാജ്യത്തെ ആദ്യത്തെ ജലവിമാന യാത്രയും, മോദി ആദ്യത്തെ യാത്രികനും എന്നതായിരുന്നു ബിജെപിയുടെ അവകാശവാദം. ഇതിന്റെ ചുവടുപിടിച്ച് ചില ദേശീയ മാധ്യമങ്ങളും ഈ നിലയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. ഇതാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ അപ്രസക്തമാകുന്നത്. 

ഗുജറാത്ത് തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ അവസാന ദിനത്തില്‍ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് മോദി ജലവിമാന യാത്ര തെരഞ്ഞെടുത്തത്. ഗുജറാത്ത് സബര്‍മതി നദിയില്‍ നിന്ന് ജലവിമാനത്തില്‍ കയറിയ മോദി മെഹ്‌സാന ജില്ലയിലുളള ദാറോയ് ഡാം വരെ അതില്‍ യാത്ര ചെയ്തു. ഇതിന് പിന്നാലെയാണ് ബിജെപി അവകാശവാദങ്ങള്‍ നിരത്തിയത്. ഇതിനിടെയാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ചില ദേശീയ മാധ്യമങ്ങള്‍ തന്നെ ഈ വാദമുഖങ്ങള്‍ പൊളളിച്ചത്. സോഷ്യല്‍ മീഡീയയും ഇത് ഏറ്റെടുത്തു. 

രാജ്യത്തെ ആദ്യ ജലവിമാനം ജല്‍ഹാന്‍സ് ആണെന്ന് സ്ഥിരീകരിച്ച് മുന്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ ചിത്രം സഹിതം ദിവസങ്ങള്‍ക്ക് മുന്‍പ് ട്വിറ്ററില്‍ കുറിച്ച പോസ്റ്റാണ് തെളിവായി ഉയര്‍ത്തി  കാണിക്കുന്ന ഒന്ന്. 2010ല്‍ തുടക്കംകുറിച്ച സര്‍വീസ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന്റെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടായിരുന്നുവെന്ന് വിശദീകരിക്കുന്ന ട്വിറ്റര്‍ സന്ദേശം ഡിസംബര്‍ ഒന്‍പതിനാണ് പ്രഫുല്‍ പട്ടേല്‍ പോസ്റ്റ് ചെയ്തത്. 

India's first seaplane named 'Jal Hans' was first launched in 2010 during my tenure as Civil Aviation Minister which greatly facilitated connectivity & tourism in the Andaman & Nicobar Islands.#seaplane pic.twitter.com/ZQYtpfa82k

കേരളത്തിലെ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായിരുന്നു ജലവിമാനം. 2013ല്‍ ഇതിനാവശ്യമായ നടപടികള്‍ അന്തിമഘട്ടത്തില്‍ എത്തിയെങ്കിലും  മത്സ്യബന്ധന സമൂഹത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് യാഥാര്‍ത്ഥ്യമായില്ല. അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഇതുസംബന്ധിച്ച് ട്വിറ്ററില്‍ കുറിച്ച സന്ദേശവും ദേശീയ മാധ്യമങ്ങള്‍ ഉയര്‍ത്തികാണിക്കുന്നു.

#Seaplane arrives in #Kerala

Seabird Seaplane to Link Destinations in Kerala, Lakshadweep - The New Indian Express http://t.co/gTk9Mgww3q

കൂടാതെ സ്വകാര്യമേഖലയിലും ഇത്തരം ശ്രമങ്ങള്‍ നടന്നിരുന്നു. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തെയും ലക്ഷദ്വീപിനെയും ബന്ധിപ്പിച്ചു കൊണ്ട് ജലവിമാന സര്‍വീസ് ആരംഭിക്കുമെന്ന് സീബേര്‍ഡ് സീപ്ലെയിന്‍ പ്രൈവറ്റ് ലിമിറ്റഡ് പ്രഖ്യാപനം നടത്തിയിരുന്നു. മറ്റൊരു സേവനദാതാക്കളായ മെഹെയിര്‍ 2011 ല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ സര്‍വീസ് നടത്തിയിരുന്നതായും തെളിവുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്കും സര്‍വീസ് വിപുലീകരിച്ചെങ്കിലും വാണിജ്യനഷ്ടം കണക്കിലെടുത്ത് നിര്‍ത്തുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com