ജലവിമാനം വന്നത് പാകിസ്ഥാനില്‍ നിന്ന് ; മോദിയുടെ യാത്ര വിവാദത്തില്‍ 

ക്വസ്റ്റ് കോഡിയാക് 100 എന്ന സീപ്ലെയിന്‍ കറാച്ചിയില്‍ നിന്നാണ് വന്നതെന്ന്, യുകെ ഡോട്ട് ഫ്‌ളൈറ്റ്അവയര്‍ ഡോട്ട്‌കോം വെളിപ്പെടുത്തുന്നു.
ജലവിമാനം വന്നത് പാകിസ്ഥാനില്‍ നിന്ന് ; മോദിയുടെ യാത്ര വിവാദത്തില്‍ 

അഹമ്മദാബാദ്  : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന്റെ കൊട്ടിക്കലാശത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സബര്‍മതി നദിയിലൂടെ പറന്നത് പാകിസ്ഥാനില്‍ നിന്ന് വന്ന സീപ്ലെയിനില്‍. യുഎസ് രജിസ്‌ട്രേഷനിലുള്ള എന്‍181 കെക്യു എന്ന സിംഗിള്‍ എഞ്ചിന്‍ ജലവിമാനത്തിലാണ് നരേന്ദ്രമോദി ചൊവ്വാഴ്ച സബര്‍മതി നദിയിലൂടെ ധരോയി ഡാം വരെ പറന്നത്. ജോണ്‍ ഗൗലെറ്റ് എന്ന വിദേശപൈലറ്റാണ് വിമാനം ഓടിച്ചത്. 

ക്വസ്റ്റ് കോഡിയാക് 100 എന്ന സീപ്ലെയിന്‍ കറാച്ചിയില്‍ നിന്നാണ് വന്നതെന്ന്, യുകെ ഡോട്ട് ഫ്‌ളൈറ്റ്അവയര്‍ ഡോട്ട്‌കോം എന്ന ഫ്‌ളൈറ്റ് ട്രാഫിക്കിംഗ് വെബ്‌സൈറ്റ് വെളിപ്പെടുത്തുന്നു. ഡിസംബര്‍ മൂന്നിന് കറാച്ചിയില്‍ നിന്നും പറന്നുയര്‍ന്ന സീപ്ലെയിന്‍ അന്നേദിനം മുംബൈയില്‍ എത്തിച്ചേര്‍ന്നു. അവിടെ നിന്നുമാണ് ജലവിമാനം മോദിയുടെ യാത്രക്കായി അഹമ്മദാബാദിലെത്തിയതെന്ന് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. 

മോദി സഞ്ചരിച്ച ജലവിമാനം പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നാണ് വന്നതെന്ന റിപ്പോര്‍ട്ടിന് കോണ്‍ഗ്രസ് നേതാക്കള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ പ്രാധാന്യത്തോടെയാണ് പ്രചരിപ്പിക്കുന്നത്. തെലങ്കാന കോണ്‍ഗ്രസ് കമ്മിറ്റി തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇക്കാര്യം ട്വീറ്റ് ചെയ്തു. ശക്തിസിംഗ് ഗോഹില്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും ഈ റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 

നേരത്തെ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ വസതിയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് നേതാക്കള്‍, മുന്‍ കരസേനാ മേധാവി ജനറല്‍ ദീപക് കപൂര്‍, പാകിസ്ഥാന്‍ മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗം കൂടിയതിനെതിരെ ബിജെപി രംഗത്തു വന്നിരുന്നു.  ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് പാക് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നായിരുന്നു ആരോപണം. ഇതിന് മറുപടിയായാണ് മോദിയുടെ വിമാനത്തിന്റെ പാക് ബന്ധം കോണ്‍ഗ്രസ് വെളിച്ചത്തുകൊണ്ടുവന്നത്.  മോദിയുടെ സീപ്ലെയിന്‍ യാത്ര അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള തന്ത്രം മാത്രമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com