ഭര്‍ത്താവിനെ കൊന്ന് കാമുകനെ വേഷം കെട്ടിക്കാനുള്ള യുവതിയുടെ കുടിലബുദ്ധി പൊളിച്ചത് മട്ടണ്‍സൂപ്പ്

ഭര്‍ത്താവിനെ കൊന്ന് കത്തിച്ച ശേഷം കാമുകന്റെ മുഖം ആസിഡ് ഒഴിച്ച് പൊള്ളിക്കുകയായിരുന്നു
ഭര്‍ത്താവിനെ കൊന്ന് കാമുകനെ വേഷം കെട്ടിക്കാനുള്ള യുവതിയുടെ കുടിലബുദ്ധി പൊളിച്ചത് മട്ടണ്‍സൂപ്പ്

ഹൈദരാബാദ്; ഭര്‍ത്താവിനെ കൊന്ന് ആ സ്ഥാനത്തേക്ക് കാമുകനെ കൊണ്ടുവരാനുള്ള ഹൈദരാബാദ് യുവതിയുടെ കുടിലബുദ്ധി പൊളിച്ചത് മട്ടണ്‍ സൂപ്പ്. കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവിനെ കൊന്ന് കത്തിച്ച ശേഷം കാമുകന്റെ മുഖം ആസിഡ് ഒഴിച്ച് പൊള്ളിച്ചതിന് 27 കാരിയായ സ്വാതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന്റെ സ്വത്തില്‍ കണ്ണുവെച്ചാണ് അയാളുടെ സ്ഥാനത്ത് കാമുകനായ രാജേഷിനെ അവതരിപ്പിച്ചത്. എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഭര്‍ത്താവിന്റെ വീട്ടുകാര്‍ പൊലീസിനെ അറിയിച്ചതോടെയാണ് ക്രൂരമായ കൊലപാതകം പുറത്തുവരുന്നത്. 

സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സായി ജോലി ചെയ്യുകയാണ് സ്വാതി. ഇതേ ആശുപത്രിയിലെ ഫിസിയോതെറാപ്പിസ്റ്റായ രജേഷുമായി പ്രണയത്തിലായതോടെ ഭര്‍ത്താവ് സുധാകര്‍ റെഡ്ഡിയെ ഒഴിവാക്കി സ്വത്ത് തട്ടിയെടുക്കാന്‍ പദ്ധതിയിടുകയായിരുന്നു. ഭര്‍ത്താവിന് അനസ്‌തേഷ്യ നല്‍കി മയക്കി തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. അതിന് ശേഷം കാട്ടില്‍ കൊണ്ടുപോയി മൃതദേഹം കത്തിച്ചു. കാമുകന്റെ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കിയതിന് ശേഷം ഭര്‍ത്താവാണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ആദ്യം ആര്‍ക്കും സംശയം തോന്നിപ്പിക്കാതെയായിരുന്നു സ്വാതിയുടേയും രാജേഷിന്റേയും പ്രകടനം. എന്നാല്‍ അവസാനം ഇരുവരും മട്ടണ്‍ സൂപ്പില്‍ തെന്നിവീഴുകയായിരുന്നു.

പൊള്ളല്‍ പെട്ടെന്ന് കരിയുന്നതിനായി മട്ടണ്‍ സൂപ്പ് നല്‍കിയെങ്കിലും അത് കഴിക്കാന്‍ രാജേഷ് തയാറാവാതിരുന്നതാണ് സുധാകറിന്റെ വീട്ടുകാരില്‍ സംശയം ജനിപ്പിച്ചത്. സ്വാതിയുടെ ഭര്‍ത്താവ് മാംസ്യാഹാരിയായിരുന്നു. എന്നാല്‍ ഹോസ്പിറ്റല്‍ ജീവനക്കാരോട് താന്‍ സസ്യാഹാരിയാണെന്ന് രാജേഷ് പറഞ്ഞത് വീട്ടുകാരെ ആത്ഭുതപ്പെടുത്തി. ഇതോടെ ഇയാളുടെ പെരുമാറ്റം കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. 

സുധാകറായി വേഷം കെട്ടിയിരിക്കുന്ന കാമുകനെ പരീക്ഷിക്കാനായി ബന്ധുക്കളെ കാണിച്ച് ആരാണെന്ന് പറയാന്‍ പറഞ്ഞു. എന്നാല്‍ ഉത്തരം മുട്ടിയതോടെ രാജേഷ് സംസാരിക്കുന്നത് നിര്‍ത്തി. പിന്നീട് ഇയാള്‍ ആംഗ്യത്തിലൂടെയാണ് ആശയവിനിമയം നടത്തിയത്. ഇതോടെ സംശയം ബലപ്പെട്ട വീട്ടുകാര്‍  വിവരങ്ങള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. സ്വാതിയെ ചോദ്യം ചെയ്തപ്പോള്‍ തന്നെ ഭര്‍ത്താവിനെ കൊലചെയ്തതായി ഇവര്‍ സമ്മതിച്ചു. ആശുപത്രിയില്‍ നിന്ന് പേര് വെട്ടിയതിന് ശേഷം രാജേഷിനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com