സൈനികരെ ടോള്‍ പ്ലാസ ജീവനക്കാര്‍ സല്യൂട്ട് ചെയ്യണം: ദേശീയ പാതാ അതോറിറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th December 2017 12:21 PM  |  

Last Updated: 13th December 2017 12:21 PM  |   A+A-   |  

paliyenkara_toll

 

ന്യൂഡല്‍ഹി: ടോള്‍ ഗേറ്റ് വഴി കടന്നുപോവുന്ന സൈനികരെ ടോള്‍ പ്ലാസ ജീവനക്കാര്‍ സല്യൂട്ട് ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ദേശീയപാത അതോറിറ്റി ഇറക്കിയ പുതിയ സര്‍ക്കുലറിലാണ് നിര്‍ദേശമുള്ളത്. സൈനികര്‍ രാജ്യത്തിനു നല്‍കുന്ന സേവനം മാനിച്ചാണ് ഇതെന്ന് സര്‍ക്കുലര്‍ പറയുന്നു.

ടോള്‍ നല്‍കുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും പലയിടത്തും ടോള്‍ പ്ലായില്‍ പണം നല്‍കേണ്ടി വരുന്നതായി സൈനികര്‍ പരാതി ഉന്നയിച്ചിരുന്നു. പണം നല്‍കേണ്ടിവരിക മാത്രമല്ല, ടോള്‍ പ്ലാസ ജീവനക്കാരുടെ മോശം പെരുമാറ്റം സഹിക്കേണ്ടിവരുന്നതായും സൈനികര്‍ പരാതിപ്പെട്ടിരുന്നു. ഇതു പരിഗണിച്ചാണ് ദേശീയപാതാ അതോറിറ്റി ഉത്തരവ് ഇറക്കിയിരിക്കുന്നത്. സൈനികര്‍ രാജ്യത്തിനു നല്‍കുന്ന സേവനം മാനിച്ച് അവര്‍ മികച്ച ആദരം അര്‍ഹിക്കുന്നുണ്ടെന്ന് ഉത്തരവ് വിശദീകരിക്കുന്നു. 

ടെറിറ്റോറിയല്‍ ആര്‍മി, എന്‍സിസി കേഡറ്റുകള്‍ക്ക് ഡ്യൂട്ടി സമയത്തു മാത്രമേ ടോള്‍ പ്ലാസയില്‍ ഇളവുണ്ടാവൂ. മറ്റു സൈനികര്‍ക്ക് പൂര്‍ണ ഇളവാണ് നല്‍കിയിട്ടുള്ളത്. സംശയം തോന്നുന്നപക്ഷം ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് ടോള്‍ പ്ലാസ ജീവനക്കാര്‍ക്കു പരിശോധിക്കാമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.