പെരുമാറ്റച്ചട്ടം ലംഘിച്ചു ; രാഹുലിനെതിരെ കേസ്

രാഹുലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അഭിമുഖം സംപ്രേഷണം ചെയ്ത ചാനലിനെതിരെയും കേസെടുക്കും
പെരുമാറ്റച്ചട്ടം ലംഘിച്ചു ; രാഹുലിനെതിരെ കേസ്

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു. ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പിന്റെ പ്രചാരണസമയം അവസാനിച്ചതിന് പിന്നാലെ രാഹുല്‍ ഒരു ഗുജറാത്ത് ചാനലിന് അഭിമുഖം നല്‍കിയിരുന്നു. ഇതാണ് കേസിന് വഴിവെച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച രാഹുലിനെതിരെ ആവശ്യമായ നടപടിയെടുക്കാന്‍ ഗുജറാത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. 

റെപ്രസെന്റേഷന്‍ ഓഫ് പീപ്പിള്‍സ് ആക്ട് സെക്ഷന്‍ 126(3) പ്രകാരം തെരഞ്ഞെടുപ്പ് നടപടികള്‍ അവസാനിക്കുന്നതിന്, 48 മണിക്കൂര്‍ മുമ്പ് വരെ മാത്രമേ പ്രചാരണപ്രവര്‍ത്തനങ്ങള്‍ പാടുള്ളൂ. അതിനുശേഷം  തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെടുന്ന യാതൊന്നും ദിനപത്രങ്ങളിലോ, ദൃശ്യ-ശൃവ്യ മാധ്യമങ്ങളിലോ ഒന്നും നല്‍കാന്‍ പാടില്ല. എന്നാല്‍ ടിവി ചാനലിന് അഭിമുഖം നല്‍കിയതുവഴി രാഹുല്‍ നിയമം ലംഘിച്ചെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍. 

വിഷയത്തില്‍ രാഹുലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ അഭിമുഖം സംപ്രേഷണം ചെയ്ത ചാനലിനെതിരെയും കേസെടുക്കും. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഈമാസം 18 ന് അഞ്ചുമണിയ്ക്കകം വിശദീകരണം നല്‍കാനാണ് രാഹുലിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. വിശദീകരണം നല്‍കുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടാല്‍ യുക്തമായ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൊള്ളുമെന്നും കമ്മീഷന്‍ നോട്ടീസില്‍ അറിയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com