ഇന്ത്യയെക്കുറിച്ച് പഠിച്ചത് ഇന്ദിരയില്‍ നിന്ന് ; വികാരഭരിതമായി സോണിയയുടെ വിടവാങ്ങല്‍ ( വീഡിയോ )

രാഹുലിന്റെ നേതൃത്വത്തില്‍ വിശ്വാസമുണ്ട്. രാഹുലിന്റെ കൈയില്‍ കോണ്‍ഗ്രസിന്റെ ഭാവി ഭദ്രമെന്നും സോണിയ
ഇന്ത്യയെക്കുറിച്ച് പഠിച്ചത് ഇന്ദിരയില്‍ നിന്ന് ; വികാരഭരിതമായി സോണിയയുടെ വിടവാങ്ങല്‍ ( വീഡിയോ )

ന്യൂഡല്‍ഹി :  ഇന്ത്യയെക്കുറിച്ചും അതിന്റെ പാരമ്പര്യത്തെക്കുറിച്ചുമെല്ലാം പഠിച്ചത് ഇന്ദിരാഗാന്ധിയില്‍ നിന്നെന്ന് സോണിയാഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുമുള്ള വിടവാങ്ങല്‍ പ്രസംഗത്തിലാണ് സോണിയയുടെ വികാരഭരിതമായ സ്മരണ നിറഞ്ഞത്. ഇന്ദിരാഗാന്ധി എന്നെ സ്വന്തം മകളെപ്പോലെയാണ് സ്‌നേഹിച്ചത്. അവരില്‍ നിന്നാണ് ഇന്ത്യയെക്കുറിച്ച് പഠിച്ചത്. ഇന്ദിര മരിച്ചതോടെ തനിക്ക് അമ്മയെയാണ് നഷ്ടപ്പെട്ടത്. പിന്നാലെ രാജീവും നഷ്ടമായതോടെ വല്ലാത്ത മാനസികാവസ്ഥയിലേക്ക് താന്‍ ഒറ്റപ്പെട്ടു. അതില്‍ നിന്നും തിരിച്ചെത്താന്‍ കാലമേറെയെടുത്തു. 

20 വര്‍ഷം മുമ്പ് കോണ്‍ഗ്രസ് അധ്യക്ഷ പദമേറ്റെടുക്കുന്നത് വലിയ കടമ്പയായിരുന്നു. വൈകാരികമായ സന്ദര്‍ഭത്തിലാണ് അധ്യക്ഷപദം ഏറ്റെടുത്തത്. നിര്‍ണായക ഘട്ടങ്ങളിലെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരും അണികളും വലിയ പിന്തുണ നല്‍കി. തനിക്ക് നല്‍കിയ പിന്തുണക്ക് എല്ലാവരോടും നന്ദി അറിയിക്കുന്നതായും സോണിയ പറഞ്ഞു. രാഹുല്‍ അധ്യക്ഷനാകുന്നത് 
കോണ്‍ഗ്രസില്‍ പുതിയ കാലഘട്ടത്തിന്റെ തുടക്കമെന്ന് സോണിയ ഗാന്ധി പറഞ്ഞു. രാഹുലിന്റെ നേതൃത്വത്തില്‍ വിശ്വാസമുണ്ട്. രാഹുലിന്റെ കൈയില്‍ കോണ്‍ഗ്രസിന്റെ ഭാവി ഭദ്രമെന്നും സോണിയ അഭിപ്രായപ്പെട്ടു.  

യുപിഎ സര്‍ക്കാര്‍ മികച്ച ഭരണമാണ് നടത്തിയത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യം വലിയ പുരോഗതി നേടി. രാജ്യ പുരോഗതിക്കായി കോണ്‍ഗ്രസ് പോരാട്ടം തുടരും. 2014 മുതല്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്താണ്. കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി വലുതാണ്. നമ്മുടെ ഭരണഘടന മൂല്യങ്ങള്‍ പോലും ഭീഷണി നേരിടുകയാണ്. നിരവധി തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിട്ടുണ്ട്. എന്നാല്‍ പോരാട്ടങ്ങളില്‍ പാര്‍ട്ടി പിന്നോട്ടുപോയിട്ടില്ല. രാജ്യത്തെ ചരിത്രവും പാരമ്പര്യവുമെല്ലാം ആക്രമിക്കപ്പെടുകയാണ്. ഭയത്തിന്റെ അന്തരീക്ഷമാണ് ഇന്ന് നിലനില്‍ക്കുന്നതെന്നും സോണിയ ഗാന്ധി വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു. 

രാഹുല്‍ എന്റെ മകനാണ്. അതുകൊണ്ടു തന്നെ പുകഴ്ത്തുന്നത് ശരിയല്ല. രാഹുലിന് മാറ്റത്തിന്റെ വഴി തെളിക്കാനാകും. കോണ്‍ഗ്രസിനെ മുന്നോട്ടുനയിക്കാന്‍ രാഹുലിന് കഴിയും. കുട്ടിക്കാലം മുതലേയുള്ള അനുഭവങ്ങല്‍ അവനെ അതിന് പ്രാപ്തനാക്കും. രാഷ്ട്രീയത്തില്‍ ഇറങ്ങിയ കാലം മുതല്‍ നേരിടുന്ന ആക്രണങ്ങളും, രാഹുലിനെ കരുത്തനാക്കുമെന്ന് സോണിയ അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com