കോടതിക്ക് മുകളില്‍ കൊടി നാട്ടി ; മുസ്ലീം യുവാവിനെ തീ കൊളുത്തി കൊന്നയാള്‍ക്ക് വേണ്ടി സംഘപരിവാര്‍ റാലി

സംഘപരിവാര്‍ പ്രവര്‍ത്തകര്‍  പൊലീസിന് നേരെയും അക്രമം അഴിച്ചുവിട്ടു. സംഘര്‍ഷത്തില്‍ 30 ഓളം പൊലീസുകാര്‍ക്ക് പരിക്കേറ്റു
കോടതിക്ക് മുകളില്‍ കൊടി നാട്ടി ; മുസ്ലീം യുവാവിനെ തീ കൊളുത്തി കൊന്നയാള്‍ക്ക് വേണ്ടി സംഘപരിവാര്‍ റാലി


ഉദയ്പൂര്‍: ലൗ ജിഹാദെന്ന് ആരോപിച്ച് മുസ്ലിം യുവാവിനെ ചുട്ടുകൊന്ന കേസിലെ പ്രതി ശംഭുലാല്‍ റീഗറിന് വേണ്ടി പ്രകടനം നടത്തിയ സംഘപരിവാറുകാര്‍ കോടതിക്ക് മുകളില്‍ കാവിക്കൊടി നാട്ടി. ഉദയ്പൂരിലെ ജില്ലാ സെഷന്‍സ് കോടതിക്ക് മുകളിലാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊടി കെട്ടിയത്. പ്രകടനം നടത്തിയ പ്രതിഷേധക്കാര്‍ പൊലീസിന് നേരെയും അക്രമം അഴിച്ചുവിട്ടു. സംഘര്‍ഷത്തില്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് സുധീര്‍ ജോഷി അടക്കം 30 ഓളം പൊലീസുകാര്‍ക്ക് പരിക്കേറ്റു. 

പ്രകടനമായെത്തിയ പ്രതിഷേധക്കാരെ പൊലീസ് കോടതി പരിസരത്ത് വെച്ച് തടയുകയായിരുന്നു. പൊലീസിന്റെ വിലക്ക് മറികടന്ന് പ്രതിഷേധക്കാര്‍ കോടതി വളപ്പിലേക്ക് കയറിയതോടെ, അഭിഭാഷകരും പൊലീസും ഇവരെ തടഞ്ഞു. ഇതോടെ, സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഇതിനിടെ ഏതാനും പ്രവര്‍ത്തകര്‍ കോടതി സമുച്ചയത്തിന് മുകളില്‍ കാവിക്കൊടി നാട്ടി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പൊലീസിന് ലാത്തിവീശേണ്ടി വന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഉദയ്പൂരില്‍ ക്രമസമാധാന നില സാധാരണ നിലയിലായിട്ടില്ലെന്നും, ഏതാനും ദിവസം കൂടി നിരോധനാജ്ഞ തുടരുമെന്നും ഉദയ്പൂര്‍ ഐജി ആനന്ദ് ശ്രീവാസ്തവ അറിയിച്ചു. നിരോധനാജ്ഞയ്ക്ക് പുറമെ,  ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

ഡിസംബര്‍ ആറിനാണ് ലൗ ജിഹാദ് ആരോപിച്ച് പശ്ചിമബംഗാള്‍ സ്വദേശിയായ തൊഴിലാളി മുഹമ്മദ് അഫ്രാസുല്‍ എന്ന മുസ്ലീം യുവാവിനെ ശംഭുലാല്‍ പിക്കാസ് കൊണ്ട് കുത്തിവീഴ്ത്തിയ ശേഷം തീകൊളുത്തി കൊന്നത്. മര്‍ദ്ദനവും കൊലപാതകവും 14 വയസുള്ള മരുമകനെ കൊണ്ട് ഇയാള്‍ ഷൂട്ട് ചെയ്യിപ്പിച്ചിരുന്നു. ലൗജിഹാദില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള വിധി ഇതായിരിക്കുമെന്ന് വീഡിയോയില്‍ ഇയാള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

കേസില്‍ അറസ്റ്റിലായ ശംഭുലാലിന്റെ കുടുംബത്തിന് വേണ്ടി വലതുപക്ഷ സംഘടനകള്‍ ധനശേഖരണം നടത്തിയിരുന്നു. ശുഭുലാലിന്റെ ഭാര്യ സീതയുടെ പേരില്‍ ആരംഭിച്ച അക്കൗണ്ടിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൂന്നു ലക്ഷം രൂപയാണ് എത്തിയത്. ശംഭുലാലിന്റെ കുടുബത്തിന് സഹായം നല്‍കണമെന്ന് കാണിച്ച് ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. സംഭവം വിവാദമായതോടെ, രാജ്‌സമന്‍ഡ് പൊലീസ് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. 

അതിനിടെ ക്രൂരമായ കൊലപാതകം നടത്തിയ ശംഭുലാലിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം നഗരത്തില്‍ പ്രതിഷേധ പ്രകടനം നടന്നിരുന്നു. പ്രകടനക്കാര്‍ സംഘപരിവാറിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതിന് മറുപടിയായാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കോടതിയിലേക്ക് മാര്‍ച്ച് നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com