കോണ്‍ഗ്രസില്‍ ഇനി രാഹുല്‍ യുഗം ;  അധ്യക്ഷനായി ചുമതലയേറ്റു

കോണ്‍ഗ്രസിന്റെ പതിനേഴാമത്തെ പ്രസിഡന്റാണ് നാല്‍പ്പത്തിയേഴുകാരനായ രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസില്‍ ഇനി രാഹുല്‍ യുഗം ;  അധ്യക്ഷനായി ചുമതലയേറ്റു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റു. രാവിലെ 11 മണിക്ക് കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു സ്ഥാനാരോഹണം. കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്റെ മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതായുള്ള സാക്ഷ്യപത്രം രാഹുലിന് കൈമാറി. തുടര്‍ന്ന് രാഹുലിനെ അധ്യക്ഷനായി തെരഞ്ഞെടുത്തതായി ഔദ്യോഗിക പ്രഖ്യാപനവും നടത്തി. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സോണിയാഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, രാഹുലിന്റെ സഹോദരി പ്രിയങ്ക ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വദ്ര, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവരെല്ലാം സ്ഥാനാരോഹണ ചടങ്ങില്‍ സംബന്ധിച്ചു. 

മുല്ലപ്പള്ളി രാമചന്ദ്രന്‍ സാക്ഷ്യപത്രം രാഹുലിന് കൈമാറുന്നു
മുല്ലപ്പള്ളി രാമചന്ദ്രന്‍ സാക്ഷ്യപത്രം രാഹുലിന് കൈമാറുന്നു

കോണ്‍ഗ്രസിന്റെ പതിനേഴാമത്തെ പ്രസിഡന്റാണ് നാല്‍പ്പത്തിയേഴുകാരനായ രാഹുല്‍ ഗാന്ധി. സോണിയാഗാന്ധിയില്‍ നിന്നാണ് രാഹുല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ പദം ഏറ്റെടുത്തത്. 19 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസില്‍ അധികാരമാറ്റം നടക്കുന്നത്. നെഹ്‌റു കുടുംബത്തിലെ അഞ്ചാം തലമുറയിലെ നേതാവാണ് രാഹുല്‍. രാഹുല്‍ കോണ്‍ഗ്രസ് തലപ്പത്തെത്തിയതോടെ, പാര്‍ട്ടി തലമുറ മാറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്. 


അധ്യക്ഷസ്ഥാനമേറ്റെടുത്ത രാഹുലിനെ അനുമോദിച്ച് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സംസാരിച്ചു. കോണ്‍ഗ്രസിനെ 19 കൊല്ലം നയിച്ച സോണിയാഗാന്ധിയുടെ നേതൃപാടവത്തെ മന്‍മോഹന്‍സിംഗ് പ്രകീര്‍ത്തിച്ചു. രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കുമ്പോള്‍ പാര്‍ട്ടി ആസ്ഥാനത്തിന് പുറത്ത് സാധാരണ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുരവിതരണം നടത്തിയും ആഹ്ലാദ പ്രകടനം നടത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com