2014നെ അപേക്ഷിച്ച് ബിജെപി പിന്നോട്ടുപോയത് 67 മണ്ഡലങ്ങളില്‍; ഹിമാചലില്‍ നഷ്ടം 15 സീറ്റുകള്‍

കോണ്‍ഗ്രസിന് അറുപതിലേറെ സീറ്റുകളുടെ നേട്ടമാണ് 2014നെ അപേക്ഷിച്ച് ഇത്തവണയുണ്ടായത്
2014നെ അപേക്ഷിച്ച് ബിജെപി പിന്നോട്ടുപോയത് 67 മണ്ഡലങ്ങളില്‍; ഹിമാചലില്‍ നഷ്ടം 15 സീറ്റുകള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവച്ച ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍, 2014ലെ പൊതു തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്കു നഷ്ടമായത് 65ല്‍ ഏറെ സീറ്റുകള്‍. കോണ്‍ഗ്രസിന് അറുപതിലേറെ സീറ്റുകളുടെ നേട്ടമാണ് 2014നെ അപേക്ഷിച്ച് ഇത്തവണയുണ്ടായത്.

സംസ്ഥാനത്തെ 182 നിയമസഭാ മണ്ഡലങ്ങളില്‍ 165ലും ബിജെപി മുന്നേറ്റമാണ് 2014ലെ പൊതു തെരഞ്ഞെടുപ്പില്‍ കണ്ടത്. നഗര, ഗ്രാമ ഭേദമില്ലാതെ ഗുജറാത്തിന്റെ എല്ലാ മേഖലയിലും ആ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മുന്നേറ്റമുണ്ടാക്കി. നരേന്ദ്ര മോദി മുഖ്യമന്ത്രിപദമൊഴിഞ്ഞ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ തെരഞ്ഞെടുപ്പില്‍നിന്ന് വന്‍ പിന്നോട്ടുപോക്കാണ് ഈ തെരഞ്ഞടുപ്പില്‍ ബിജെപിക്കുണ്ടായിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് നാലു മണിവരെയുള്ള സൂചനകള്‍ അനുസരിച്ച് 99 സീറ്റുകളിലാണ് ബിജെപി ജയം നേടികയോ ലീഡ് ചെയ്യുകയോ ചെയ്യുന്നത്. ഇത് 2014ലെ വിജയത്തെ അപേക്ഷിച്ച് 66 സീറ്റുകളുടെ കുറവാണ്. 

അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 16 സീറ്റുകളുടെ കുറവാണ് ബിജെപിക്കുണ്ടായിരിക്കുന്നത്. 150ല്‍ ഏറെ സീറ്റു കിട്ടുമെന്ന പ്രതീക്ഷയില്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിടത്താണിത്. രാഹുല്‍ ഗാന്ധിയും ഹര്‍ദിക് പട്ടേലും അല്‍പ്പേഷ്  താക്കൂറും ജിഗ്നേഷ് മേവാനിയും പ്രചാരണ രംഗം കീഴടക്കിയ ഈ തെരഞ്ഞെടുപ്പില്‍ മോദി തരംഗം ഉണ്ടായില്ലെന്നു തന്നെയാണ് ഇതു വ്യക്തമാക്കുന്നത്. 

എണ്‍പതു സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നുണ്ടെന്നാണ് ഒടുവിലത്തെ സൂചനകള്‍. അതനുസരിച്ച് പത്തൊന്‍പതു സീറ്റാണ് കഴിഞ്ഞ തവണത്തേക്കാള്‍ കോണ്‍ഗ്രസിനു കൂടുതല്‍ കിട്ടുന്നത്. എന്നാല്‍ 2014ലെ പൊതു തെരഞ്ഞടുപ്പിനെ അപേക്ഷിച്ച് കോണ്‍ഗ്രസ് ഉണ്ടാക്കിയിരിക്കുന്നത് വന്‍ മുന്നേറ്റമാണ്. 63 സീറ്റുകളിലാണ് കൂടുതലായി നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിനായിരിക്കുന്നത്. 

ബിജെപി വന്‍ നേട്ടമുണ്ടാക്കിയ ഹിമാചല്‍ പ്രദേശിലും 2014ലെ പൊതു തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പാര്‍ട്ടിക്കു നഷ്ടമാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പൊതുതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 68 മണ്ഡലങ്ങളില്‍ 59ലും ബിജെപിയായിരുന്നു മുന്നില്‍. ഇത്തവണ 44 സീറ്റു നേടുമ്പോള്‍ 2014നെ അപേക്ഷിച്ച് 15 സീറ്റ് കുറവാണ്, ഈ തിളക്കമാര്‍ന്ന നേട്ടത്തിലും ബിജെപിക്കു ലഭിക്കുന്നത്. അതേസമയം വന്‍ പരാജയം ഏറ്റുവാങ്ങുകയും ഭരണം നഷ്ടപ്പെടുകയും ചെയ്യുമ്പോഴും 2014നെ അപേക്ഷിച്ച് കോണ്‍ഗ്രസിനു നില മെച്ചപ്പെടുത്താനായിട്ടുണ്ട്. പൊതു തെരഞ്ഞെടുപ്പിലെ അസംബ്ലിമണ്ഡലതല കണക്ക് അനുസരിച്ച് ലീഡ് ചെയ്തതിനേക്കാള്‍ 11 സീറ്റുകള്‍ അധികം നേടാന്‍ ഇത്തവണ കോണ്‍ഗ്രസിനായിട്ടുണ്ടെന്നാണ് കണക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com