പഞ്ചാബിലും ലക്ഷദ്വീപിലും കോണ്‍ഗ്രസിന് മിന്നുന്ന വിജയം 

പഞ്ചാബിലെ മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് തൂത്തുവാരി
പഞ്ചാബിലും ലക്ഷദ്വീപിലും കോണ്‍ഗ്രസിന് മിന്നുന്ന വിജയം 

ലുധിയാന: പഞ്ചാബിലെ മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് തൂത്തുവാരി. എന്നാല്‍ അമൃത്‌സര്‍, ജലന്ധര്‍, പട്യാല എന്നിവിടങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് കോണ്‍ഗ്രസ് അട്ടിമറിച്ചതാണെന്ന് ബി.ജെ.പിയും അകാലി ദളും ആരോപിച്ചു.അതേസമയം കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് നേട്ടം. 

പഞ്ചാബില്‍ ഏതാണ്ടെല്ലാ വാര്‍ഡുകളിലും കോണ്‍ഗ്രസ് അനുകൂല സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. പട്യാലയിലെ 58 വാര്‍ഡുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചപ്പോള്‍ ബി.ജെ.പിയ്ക്ക് ഇവിടെ അക്കൗണ്ട് തുറക്കാന്‍ പോലും ആയില്ല. ജലന്ധറില്‍ 66 വാര്‍ഡുകള്‍ കോണ്‍ഗ്രസിനും എട്ട് വാര്‍ഡുകള്‍ ബി.ജെ.പിക്കും നാലെണ്ണം അകാലി ദളിനും ലഭിച്ചു. അമൃത്‌സറില്‍ 69 സീറ്റുകള്‍ കോണ്‍ഗ്രസ് സ്വന്തമാക്കിയപ്പോള്‍ 12 സീറ്റുകള്‍ ബി.ജെ.പി  അകാലി ദള്‍ സഖ്യത്തിനും ലഭിച്ചു.തിരഞ്ഞെടുപ്പ് ഫലം അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പുത്തനുണര്‍വ് നല്‍കിയിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

ലക്ഷദ്വീപില്‍ ജില്ലാ പഞ്ചായത്തില്‍ 26 സീറ്റുകളില്‍ 14 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ചീഫ് കൗണ്‍സിലര്‍ സ്ഥാനം തിരിച്ചുപിടിച്ചു. 10 പഞ്ചായത്തുകളില്‍ ആറിടത്ത് കോണ്‍ഗ്രസ് ഭൂരിപക്ഷം നേടി. അഗത്തി, അന്ത്രോത്ത്, ബിത്ര, ചെത്ത്‌ലത്ത്, കടമത്ത്, മിനിക്കോയ് പഞ്ചായത്തുകളാണ് കോണ്‍ഗ്രസ് നേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com