കന്യാകുമാരിയില്‍ നിന്നും കാണാതായത് 551 പേരെ, കേന്ദ്രത്തിന് ഹൈക്കോടതിയുടെ നോട്ടീസ്

ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ട് കാണാതായ 551 മത്സ്യതൊഴിലാളികളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രത്തിന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്.
കന്യാകുമാരിയില്‍ നിന്നും കാണാതായത് 551 പേരെ, കേന്ദ്രത്തിന് ഹൈക്കോടതിയുടെ നോട്ടീസ്

ചെന്നൈ: ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ട് കാണാതായ 551 മത്സ്യതൊഴിലാളികളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രത്തിന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. കന്യാകുമാരിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി കാണാതായവരുടെ വിവരങ്ങള്‍ തേടി തമിഴ്‌നാട് സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് നല്‍കി. ഡിസംബര്‍ 22 നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഇരു സര്‍ക്കാരുകളോടും കോടതി നിര്‍ദേശിച്ചു. കന്യാകുമാരി ജില്ലക്കാരനായ ആന്റോ ലെനിന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.

ഓഖി ചുഴലിക്കാറ്റ് തമിഴ്‌നാട് തീരങ്ങളില്‍ വീശിയടിച്ച നവംബര്‍ 29 , 30 തീയതികളില്‍ ആയിരത്തോളം മത്സ്യതൊഴിലാളികള്‍ കടലില്‍ പോയതായി ആന്റോ ലെനിന്റെ ഹര്‍ജിയില്‍ പറയുന്നു. മത്സ്യതൊഴിലാളികള്‍ക്ക് ചുഴലിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ കേന്ദ്രവും സംസ്ഥാനവും പരാജയപ്പെട്ടു. ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളികള്‍ ചുഴലിക്കാറ്റില്‍ അകപ്പെടുന്നതിന് ഇതുകാരണമായതായി ഹര്‍ജിയില്‍ ആരോപിക്കുന്നു

ഹെലികോപ്റ്റര്‍ പോലുളള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കാണാതായ ഉടന്‍ മത്സ്യതൊഴിലാളികളെ കണ്ടെത്താന്‍ സര്‍ക്കാരുകള്‍ തയ്യാറായില്ല. ചുഴലിക്കാറ്റ് വീശിയടിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ ഹെലികോപ്റ്റര്‍ സേവനം പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഉള്‍ക്കടലില്‍ അകപ്പെട്ട മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടികാണിക്കുന്നു. ഡിസംബര്‍ മൂന്നുമുതല്‍ പതിനൊന്ന് വരെ നടത്തിയ സര്‍വ്വേപ്രകാരം 551 മത്സ്യതൊഴിലാളികളെ കന്യാകുമാരിയില്‍ നിന്നും കാണാതായതായി ഹര്‍ജിയില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com