ലൗജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ കൊന്നത് കൈയബദ്ധമെന്ന് അന്വേഷണസംഘം ; അഫ്രാസുളിനെ കൊന്നത് ആളുമാറി

അജ്ജു ഷെയ്ഖ് എന്ന ആളെ വകവരുത്താനായിരുന്നു ശംഭുലാല്‍ ലക്ഷ്യമിട്ടതെന്ന് രാജ്‌സാമന്ത് പൊലീസ് ഓഫീസര്‍ രാജേന്ദ്രസിംഗ് റാവു
ലൗജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ കൊന്നത് കൈയബദ്ധമെന്ന് അന്വേഷണസംഘം ; അഫ്രാസുളിനെ കൊന്നത് ആളുമാറി

ജയ്പൂര്‍ : ലൗ ജിഹാദെന്ന് ആരോപിച്ച് രാജസ്ഥാനിലെ രാജ്‌സാമന്തില്‍ മുസ്ലിം യുവാവിനെ ചുട്ടുകൊന്ന കേസിലെ പ്രതി ശംഭുലാല്‍ റീഗറിനെ അനുകൂലിച്ച് വിചിത്രവാദവുമായി അന്വേഷണ സംഘം. ശംഭുലാലിന് ആളുമാറി സംഭവിച്ച കൈയബദ്ധമാണ് കൊലപാതകമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മുഹമ്മദ് അഫ്രാസുളിനെ കൊലപ്പെടുത്താനായിരുന്നില്ല ശംഭുലാല്‍ ആലോചിച്ചിരുന്നത്. അജ്ജു ഷെയ്ഖ് എന്ന ആളെ വകവരുത്താനായിരുന്നു ശംഭുലാല്‍ ലക്ഷ്യമിട്ടതെന്ന് രാജ്‌സാമന്ത് പൊലീസ് ഓഫീസര്‍ രാജേന്ദ്രസിംഗ് റാവു പറഞ്ഞു. 

അജ്ജു ഷെയ്ഖിന് ശംഭുലാല്‍ സഹോദരിയെപ്പോലെ കരുതുന്ന ഒരു യുവതിയുമായി അടുപ്പമുണ്ടായിരുന്നു. ഇതാണ് ഇയാളോട് പകയുണ്ടാകാന്‍ കാരണം. അജ്ജുവും അഫ്രാസുളിനെപ്പോലെ മാള്‍ഡയില്‍ നിന്നുള്ള തൊഴിലാളിയാണ്. എന്നാല്‍ അജ്ജുവിനെ ശംഭുലാല്‍ നേരില്‍ കണ്ടിട്ടില്ല. ഫോണില്‍ സംസാരിച്ചിട്ടുമാത്രമേയുള്ളൂ. അജ്ജുവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതിന് പിന്നാലെ ശംഭുലാല്‍ ജാല്‍ചക്കി മാര്‍ക്കറ്റിലെത്തി അജ്ജുവിനെ തിരക്കി. എന്നാല്‍ അജ്ജുവിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് അയാളുടെ മൊബൈല്‍ നമ്പര്‍ ചോദിച്ചു. എന്നാല്‍ തൊഴിലാളികള്‍ അജ്ജു ഷെയ്ഖിന്  പകരം ആളുമാറി, അഫ്രാസുളിന്റെ മൊബൈല്‍ നമ്പറാണ് നല്‍കിയത്. 

തുടര്‍ന്ന് ഡിസംബര്‍ അഞ്ചിന് ശംഭുലാല്‍ അഫ്രാസുളിനെ പോണില്‍ വിളിച്ചു. എന്നാല്‍ അപ്പോള്‍ അദ്ദേഹം നഥ്വാരയിലായിരുന്നു. പിറ്റേദിവസം രാവിലെ ഒമ്പതു മണിയ്ക്ക് ശംഭുലാല്‍ വീണ്ടും അഫ്രാസുളിനെ വിളിക്കുകയും, തന്റെ പുതിയ പ്ലോട്ടില്‍ മതില്‍പണിയ്ക്ക് വരണമെന്നും ആവശ്യപ്പെടുകയായിരുന്നു. 10.30 ഓഠെ ശംഭുലാലും അഫ്രാസുളും, കൊലപാതകം നടന്ന സ്ഥലത്തിന് ഒരു കിലോമീറ്റര്‍ അകലെയുള്ള ചായക്കടയില്‍ ചായ കുടിച്ചു. 

അഫ്രാസുളിന്റെ സാന്നിധ്യം ഉറപ്പാക്കിയ ശംഭുലാല്‍ വീട്ടില്‍ പോയി പിക്കാക്‌സ് അടക്കമുള്ള ആയുധങ്ങളുമായി വരികയും, അഫ്രാസുളിനെ മര്‍ദ്ദിച്ച് അവശനാക്കിയശേഷം തീവെച്ച് കൊല്ലുകയുമായിരുന്നുവെന്ന്  പൊലീസ് ഓഫീസര്‍ രാജേന്ദ്രസിംഗ് റാവു വ്യക്തമാക്കി. കൊലപാതകരംഗം തന്റെ അനന്തരവനെ കൊണ്ട് ശംഭുലാല്‍ മൊബൈലില്‍ റെക്കോഡ് ചെയ്യിക്കുകയും ചെയ്തിരുന്നു. അതേസമയം സഹോദരിയെന്ന് പറയുന്ന യുവതിയുമായി ശംഭുലാലിന് അടുപ്പമുണ്ടായിരുന്നതായാണ് തങ്ങളുടെ സംശയമെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. 

സംഘപരിവാറുകാര്‍ കോടതിക്ക് മുകളില്‍ കാവിക്കൊടി കെട്ടുന്നു
സംഘപരിവാറുകാര്‍ കോടതിക്ക് മുകളില്‍ കാവിക്കൊടി കെട്ടുന്നു

കൊലപാതക ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ, ശംഭുലാലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അഫ്രാസുളിനെ കൊന്നത് ഒരു കുറ്റമായി കണക്കാക്കുന്നില്ലെന്നും, ലൗ ജിഹാദ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഇതെന്നുമായിരുന്നു ശംഭുലാല്‍ അഭിപ്രായപ്പെട്ടത്. ശംഭുലാലിന് വേണ്ടി മാര്‍ച്ച് നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഉദയ്പൂര്‍ കോടതിയുടെ മുകളില്‍ കാവിക്കൊടി കെട്ടുകയും, പൊലീസുകാരെ ആക്രമിക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com