ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ ഛോട്ടാ ഷക്കീല്‍ മരിച്ചു ! മരണത്തിന് പിന്നില്‍ ഐഎസ്‌ഐ ?

ജനുവരി ആറിന് ഇസ്ലാമാബാദില്‍ വെച്ച്, 57 കാരനായ ഛോട്ടാഷക്കീല്‍ മരിച്ചു എന്നാണ് വെളിപ്പെടുത്തല്‍
ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ ഛോട്ടാ ഷക്കീല്‍ മരിച്ചു ! മരണത്തിന് പിന്നില്‍ ഐഎസ്‌ഐ ?

കറാച്ചി : അധോലാക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ ഛോട്ടാ ഷക്കീല്‍ മരിച്ചതായി റിപ്പോര്‍ട്ട്. പ്രമുഖ ദേശീയമാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം പുറത്തുവിട്ടത്. ഷക്കീലിന്റെ മരണം സ്ഥിരീകരിക്കുന്ന ഓഡിയോ ടേപ്പ് ലഭിച്ചതായും ഹിന്ദുസ്ഥാന്‍ ടൈംസ് വെളിപ്പെടുത്തി. ഷക്കീല്‍ ഗ്യാംഗിലെ അംഗമായ ബിലാലും, മുംബൈയിലെ ഛോട്ടാ ഷക്കീലിന്റെ ബന്ധുവും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ടേപ്പാണ് ലഭിച്ചത്. എന്നാല്‍ ഓഡിയോ ടേപ്പിലെ സംഭാഷണത്തിന്റെ ആധികാരികത ഉറപ്പായിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. 

ജനുവരി ആറിന് ഇസ്ലാമാബാദില്‍ വെച്ചാണ്, 57 കാരനായ മുഹമ്മദ് ഷക്കീല്‍ ബാബു മിയാന്‍ ഷേഖ് എന്ന ഛോട്ടാഷക്കീല്‍ മരിക്കുന്നത്. ഇവിടെ വെച്ച് കുപ്രസിദ്ധ കള്ളക്കടത്ത് സംഘാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു മരണമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മരണം സംബന്ധിച്ച് രണ്ട് ഭാഷ്യങ്ങളാണ് പുറത്തുവരുന്നത്. അതിലൊന്ന് ഷക്കീലിനെ പാക് ചാരസംഘടനയായ ഐഎസ്‌ഐ കൊലപ്പെടുത്തുകയായിരുന്നു എന്നതാണ്. തങ്ങള്‍ക്ക് കൈകാര്യം ചെയ്യുക ബുദ്ധിമുട്ടായതിനാല്‍, കൊള്ളസംഘാംഗങ്ങളുമായുള്ള കൂടിക്കാഴ്ചക്കിടെ ഐഎസ്‌ഐ വകവരുത്തുകയായിരുന്നു. 

രണ്ടുദിവസം മൃതദേഹം സൂക്ഷിച്ച ഐഎസ്‌ഐ, പിന്നീട് സി-130 എയര്‍ക്രാഫ്റ്റില്‍ കറാച്ചിയിലെത്തിക്കുകയും, കറാച്ചിയിലെ ഡിഫന്‍സ് ഹൗസിംഗ് അതോറിട്ടിയുടെ ശ്മശാനത്തില്‍ സംസ്‌കരിക്കുകയുമായിരുന്നു. കൊള്ള സംഘാംഗങ്ങളുമായുള്ള കൂടിക്കാഴ്ചക്കെത്തിയ ഛോട്ടാഷക്കീലിന് ഹൃദയസ്തംഭനമുണ്ടാകുകയും, അംഗരക്ഷകര്‍ ഉടന്‍തന്നെ റാവല്‍പിണ്ടിയിലെ കംബൈന്‍ഡ് മെഡിക്കല്‍ ഹോസ്പിറ്റലിലെത്തിച്ചെങ്കിലും മരിച്ചുവെന്നുമാണ് മറ്റൊരു കഥ.  

ഷക്കീലിന്റെ മരണത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ ഭാര്യ അയേഷ, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരോട് ഡിഫന്‍സ് ഹൗസിംഗ് കോളനിയിലെ, ഡി-48, 15 ലെയ്ന്‍, ഖയാബന്‍ സെഹറിലെ വീട് ഒഴിയാന്‍ ഐഎസ്‌ഐ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഐഎസ്‌ഐ ഇവരെ സുരക്ഷിതമായി ലാഹോറിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്. തന്റെ വലംകൈയായ ഛോട്ടാ ഷക്കീലിന്റെ മരണം രണ്ടു ദിവസം കഴിഞ്ഞാണ് ദാവൂദ് ഇബ്രാഹിം അറിയുന്നത്. ഛോട്ടാ ഷക്കീലിന്റെ മരണം ദാവൂദ് സംഘത്തിലെ 20 ഓളം പേര്‍ക്ക് മാത്രമേ അറിയാവൂ. ഷക്കീലിന്റെ മരണവാര്‍ത്ത അറിഞ്ഞ ദാവൂദ് ഇബ്രാഹിം മാനസികമായി തളര്‍ന്നു. വിഷാദത്തിന് അടിപ്പെട്ട ദാവൂദിനെ ജനുവരിയിലും, മാര്‍ച്ചിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതായും  ഓഡിയോ ടേപ്പ് വ്യക്തമാക്കുന്നു. 

തന്റെ വിശ്വസ്തന്റെ വിയോഗത്തോടെയാണ് ദാവൂദ് ഇന്ത്യയിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചത്. ഷക്കീലിന്റെ മരണത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ വിശ്വസ്തരായ ബിലാല്‍, മുഹമ്മദ് റാഷിദ്, ഇഖ്ബാല്‍ സലിം, യൂസഫ് രാജ, പര്‍വേസ് ഖവാജ എന്നീ പാകിസ്താന്‍കാര്‍ ഡി കമ്പനി വിട്ടതായും ഓഡിയോ ടേപ്പ് വെളിപ്പെടുത്തുന്നു. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ കള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത്, ആയുധ കടത്ത് അടക്കമുള്ള ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത് ഛോട്ടാഷക്കീലാണ്. 

ആയുധക്കടത്തില്‍ ഛോട്ടാഷക്കീലിന്റെ സാന്നിധ്യം നിര്‍ണായകമായതിനാല്‍, ഐഎസ്‌ഐ ഛോട്ടാഷക്കീലിന്റെ രൂപസാദൃശ്യമുള്ള റഹിം മര്‍ച്ചന്റ് എന്ന ദോഹ്ലയെ ഷക്കീലിന്റെ അപരനായി അവതരിപ്പിക്കുകയായിരുന്നു. ഐഎസ്‌ഐയുടെ ഇടപാടുകളില്‍ ഛോട്ടാ ഷക്കീലായി റഹിം മര്‍ച്ചന്റ് ഇപ്പോഴും അനുകരിക്കുന്നത് തുടരുകയാണെന്നും ഓഡിയോ ടേപ്പ് വെളിപ്പെടുത്തുന്നു. 

ഛോട്ടാ ഷക്കീല്‍ മരിച്ചതായുള്ള ഓഡിയോ ടേപ്പ് ശ്രദ്ധയില്‍പ്പെട്ടതായി ന്യൂഡല്‍ഹിയിലെ നാഷണല്‍ സെക്യൂരിറ്റ് കൗണ്‍സില്‍ സെക്രട്ടേറിയറ്റിലെയും, മുംബൈ പൊലീസിലെയും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ വാര്‍ത്ത സ്ഥിരീകരിക്കാനോ, നിഷേധിക്കാനോ ഇവര്‍ തയ്യാറായില്ല. ഛോട്ടാ ഷക്കീലും ദാവൂദ് ഇബ്രാഹിം വേര്‍പിരിഞ്ഞു എന്ന തരത്തില്‍ അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് ഐഎസ്‌ഐ ബോധപൂര്‍വം ചമച്ച കഥകളാണോ എന്നും സംശയമുയര്‍ന്നിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com