ടുജി സ്‌പെക്ട്രം വിധി: ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സിബിഐ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st December 2017 04:31 PM  |  

Last Updated: 21st December 2017 04:33 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ടുജി സ്‌പെക്ട്രം അഴിമതി കേസില്‍ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയ പട്യാല കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സിബിഐ. പ്രതികള്‍ക്കെതിരായ തെളിവുകളെ ശരിയായ വീക്ഷണത്തോടെയല്ല കോടതി സമീപിച്ചത് എന്നതാണ് സിബിഐയുടെ നിരീക്ഷണം. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടിയുമായി മുന്നോട്ടുപോകാനാണ് സിബിഐ ആലോചിക്കുന്നത്.

സാധാരണനിലയില്‍ കോടതി വിധി പരിശോധിച്ച് മാസങ്ങള്‍ക്ക് ശേഷം മാത്രമാണ് അപ്പീല്‍ അടക്കമുളള തുടര്‍നടപടികള്‍ സിബിഐ സ്വീകരിക്കാറ്. ഇവിടെ പ്രഥമദൃഷ്ട്രാ അപ്പീലുമായി മുന്നോട്ടുപോകുന്നതിന് അനുകൂലമായ സാഹചര്യമുണ്ടെന്നാണ് സിബിഐയുടെ വിലയിരുത്തല്‍.നിയമപരമായി സ്വീകരിക്കാന്‍ കഴിയുന്ന എല്ലാ പ്രതിവിധികളും തേടുമെന്നും സിബിഐ അറിയിച്ചു.

യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ ടുജി സ്‌പെക്ട്രം അഴിമതിക്കേസില്‍ എ രാജ അടക്കം എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടികാണിച്ചായിരുന്നു ഡല്‍ഹി പട്യാല കോടതിയുടെ വിധി.  ഡല്‍ഹി സിബിഐ പ്രത്യേത കോടതി  ജഡ്ജി ഒ.പി. സൈയ്‌നിയാണ് വിധി  പ്രഖ്യാപിച്ചത്. മുന്‍ യുപിഎ സര്‍ക്കാരിലെ വാര്‍ത്താവിതരണമന്ത്രി എ. രാജ, ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ ഭാര്യ ദയാലുഅമ്മാള്‍, മകള്‍ കനിമൊഴി അടക്കം കേസില്‍ 14 പ്രതികളാണ് ഉണ്ടായിരുന്നത്. റിലയന്‍സ് അടക്കം ടെലികോം കമ്പനികളും കമ്പനി ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ടായിരുന്നു .