ആദ്യം ഭീകരര്‍ക്കുള്ള പിന്തുണ നിര്‍ത്തൂ ; എന്നിട്ടാകാം സമാധാന ചര്‍ച്ച : കരസേനാ മേധാവി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd December 2017 06:04 PM  |  

Last Updated: 22nd December 2017 06:04 PM  |   A+A-   |  

549271-bipin-rawat-pti

 

ജയ്പുര്‍ :  ഭീകരര്‍ക്ക് നല്‍കിവരുന്ന പിന്തുണ അവസാനിപ്പിച്ചാല്‍ പാക്കിസ്താനുമായി സമാധാന ചര്‍ച്ച നടത്തുന്നതിന് പൂര്‍ണ സമ്മതമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് പാക് കരസേനാ മേധാവി ഖമര്‍ ജാവേദ് ബജ്വ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനുള്ള മറുപടിയായാണ് ജനറല്‍ ബിപിന്‍ റാവത്ത് നിലപാട് വ്യക്തമാക്കിയത്. 

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടണമെന്നു തന്നെയാണ് നമ്മുടെയും ആഗ്രഹം. പക്ഷേ അതിനായി അവര്‍ എന്തു തരത്തിലുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. ജമ്മു കശ്മീരില്‍ ഇപ്പോഴും ഭീകരരെ പിന്തുണക്കുന്ന പ്രവര്‍ത്തിയാണ് പാകിസ്താന്‍ തുടരുന്നത്. ഇത് തിരുത്തിയെങ്കിലേ സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാകൂ. സൈന്യവും, അര്‍ധസെനിക വിഭാഗങ്ങളും, ജമ്മു കശ്മീര്‍ പൊലീസും ചേര്‍ന്ന് ഭീകരരെ നേരിടുകയാണ്. ഈ പോരാട്ടം തുടരാന്‍ തന്നെയാണ് തീരുമാനം. പാകിസ്താന്‍ സമാധാനം ആഗ്രഹിക്കുന്നുണ്ടെന്ന് അവരുടെ പ്രവര്‍ത്തികള്‍ കണ്ടാല്‍ തോന്നില്ലെന്നും ജനറല്‍ റാവത്ത് പറഞ്ഞു. 

ഇന്ത്യ-പാക്ക് അതിര്‍ത്തിയിലെ താര്‍ മരുഭൂമിയില്‍ ഇന്ത്യന്‍ സൈന്യം സംഘടിപ്പിച്ച 'ഹമേഷാ വിജയി' പരിശീലനം വീക്ഷിക്കാനെത്തിയപ്പോഴാണ് ജനറല്‍ ബജ്‌വയുടെ പ്രതികരണം. ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നാല്‍ സൈന്യം പൂര്‍ണമായും പിന്തുണയ്ക്കുമെന്നായിരുന്നു പാക് കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ വ്യക്തമാക്കിയത്. പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റില്‍ സുരക്ഷാ വെല്ലുവിളികളെക്കുറിച്ചു വിശദീകരിക്കുമ്പോഴാണ് സൈനിക മേധാവി ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചകളെ പിന്തുണച്ചത്. 

ഭീകരര്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന പക്ഷം പാക്കിസ്താനുമായി  ബന്ധം ശക്തമാക്കുന്നതില്‍ ഇന്ത്യയ്ക്ക് സന്തോഷമാണ് ഉള്ളതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യാവിരുദ്ധ നീക്കം നടത്തുന്ന ഭീകരര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പാകിസ്താനോട് വര്‍ഷങ്ങളായി ആവശ്യപ്പെടുന്നതാണ്. ഇക്കാര്യത്തില്‍ ക്രിയാത്മകമായ നടപടി പാക്കിസ്താന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും  രവീഷ് കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു.