വാജ്‌പേയിയുടെ ജന്മദിനത്തില്‍ 93 തടവുകാരെ മോചിപ്പിക്കുമെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd December 2017 06:00 PM  |  

Last Updated: 22nd December 2017 06:00 PM  |   A+A-   |  

 

ലക്‌നൗ: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ  ജന്മദിനത്തോട് അനുബന്ധിച്ച് 93 തടവുകാരെ ജയില്‍ മോചിതരാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. ക്രിസ്മസ് ദിനത്തിലാണ് വാജ്‌പേയിയുടെ 93 -ാം ജന്മദിനം. സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ തടവില്‍ കഴിയുന്ന 93 പേരെ അന്ന് വിട്ടയയ്ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഉത്തര്‍പ്രദേശ് ആഭ്യന്തര സെക്രട്ടറി അരവിന്ദ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

ശിക്ഷാ കാലാവധി പൂര്‍ത്തിയായിട്ടും തടവുശിക്ഷയ്‌ക്കൊപ്പം ചുമത്തപ്പെട്ട പിഴ അടയ്ക്കാത്തതിനാല്‍ വീണ്ടും ജയില്‍ ജീവിതം അനുഭവിക്കുന്ന 93 പേര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. ഇത്തരത്തില്‍ ശിക്ഷ നീട്ടിക്കിട്ടിയ 135 പേരുടെ പട്ടികയില്‍നിന്നാണ് 93 പേരെ തെരഞ്ഞെടുത്തത്. മറ്റു കേസുകളില്‍ പ്രതികളല്ലെന്ന് ഉറപ്പാക്കിയിട്ടാണ് ഇവരെ വിട്ടയയ്ക്കുന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ജനോപകാര നയമാണ് ഇതിലൂടെ തെളിയുന്നതെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു. ഇത്തരത്തില്‍ വിട്ടയയ്ക്കപ്പെടുന്നവരുടെ പേരിലുളള കുടിശ്ശിക  വിവിധ ട്രസ്റ്റുകള്‍, എന്‍ജിഒകള്‍ തുടങ്ങിയവയുമായി സഹകരിച്ച് അടയ്ക്കുന്നുവെന്ന് ഉറപ്പാക്കാനും ജയില്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 1991 മുതല്‍ തുടര്‍ച്ചയായി അഞ്ചു തവണ ലക്‌നൗ മണ്ഡലത്തില്‍നിന്ന് ജയിച്ചാണ് വാജ്‌പേയി ലോക്‌സഭയിലെത്തിയത്.