കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍, ജഗന്നാഥ് മിശ്രയെ വെറുതെവിട്ടു

വ്യാജ ബില്ലുകള്‍ നല്‍കി ഡിയോഹര്‍ ജില്ലാ ട്രഷറിയില്‍ നിന്ന് 84.5 കോടി പിന്‍വലിച്ച കേസിലാണ് കോടതി വിധി പ്രസ്താവിച്ചത്
കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍, ജഗന്നാഥ് മിശ്രയെ വെറുതെവിട്ടു

റാഞ്ചി :  കാലിത്തീറ്റ കുംഭകോണക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. അതേസമയം കോണ്‍ഗ്രസ് നേതാവും ബീഹാര്‍ മുന്‍മുഖ്യമന്ത്രിയുമായ ജഗന്നാഥ മിശ്രയെ കോടതി വെറുതെ വിട്ടു. ലാലുവിന്റെ ശിക്ഷ സംബന്ധിച്ച് വാദം കേള്‍ക്കുന്നതിനായി ജനുവരി മൂന്നിന് കേസ് വീണ്ടും പരിഗണിക്കും. റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി ജഡ്ജി ശിവപാല്‍ സിംഗാണ് വിധി പുറപ്പെടുവിച്ചത്.

കേസില്‍ ബീഹാര്‍ മുന്‍മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അടക്കം 22 പേരാണ് പ്രതികള്‍. 1994 നും 1996 നും ഇടയില്‍ വ്യാജ ബില്ലുകള്‍ നല്‍കി ഡിയോഹര്‍ ജില്ലാ ട്രഷറിയില്‍ നിന്ന് 84.5 കോടി പിന്‍വലിച്ച കേസിലാണ് റാഞ്ചിയിലെ പ്രത്യേക സി ബി ഐ കോടതി വിധി പ്രസ്താവിച്ചത്. വിധി കേള്‍ക്കുന്നതിനായി ലാലുപ്രസാദ് യാദവ് കോടതിയിലെത്തിയിരുന്നു. മകന്‍ തേജസ്വി യാദവും ലാലുവിനെ അനുഗമിച്ചിരുന്നു.

ലാലുവിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത ആറു കേസുകളില്‍ രണ്ടാമത്തേതാണിത്. 2013 സെപ്റ്റംബര്‍ 30ന് ആദ്യ കേസില്‍ അദ്ദേഹത്തിന് അഞ്ചുവര്‍ഷം കഠിനതടവും ഇരുപത്തിയഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ചൈബാസ ട്രഷറിയില്‍ നിന്ന് വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് 37.5 കോടി രൂപ പിന്‍വലിച്ചു എന്ന കേസില്‍ ആയിരുന്നു ലാലുവിന് ശിക്ഷ ലഭിച്ചത്.  ഇതേത്തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് ലാലുവിന് വിലക്ക് ലഭിച്ചിരുന്നു. ജയില്‍ കിടന്ന ലാലുവിന് പിന്നീട് സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

കേസില്‍ 1997 ഒക്ടോബര്‍ 27 ന് കുറ്റപത്രം ഫയല്‍ ചെയ്യുമ്പോള്‍ ലാലു അടക്കം 38 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 11 പേര്‍ മരിച്ചുപോയി. മൂന്നുപേര്‍ മാപ്പുസാക്ഷികളായപ്പോള്‍, രണ്ടുപേരെ 2006-07 കാലത്ത് ശിക്ഷിക്കുകയും ചെയ്തിരുന്നു. 

2014 ല്‍ കാലിത്തീറ്റ കുംഭകോണത്തില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി ലാലുവിന്  എതിരായ നാല് കേസുകളിലെ വിചാരണ സ്‌റ്റേ ചെയ്തിരുന്നു. സമാന സ്വഭാവം ഉള്ള കേസ്സുകളില്‍ ഒരേ സാക്ഷികളെയും, തെളിവുകളുടെയും അടിസ്ഥാനത്തില്‍ വിചാരണ നേരിടേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ്. എന്നാല്‍ സുപ്രീം കോടതി സ്‌റ്റേ നീക്കുകയും, ലാലു എല്ലാ കേസുകളിലും പ്രത്യേക വിചാരണ നേരിടണമെന്നും നിര്‍ദേശിക്കുകയായിരുന്നു.  1990 നും 1997 നും ഇടയില്‍ കന്നുകാലികള്‍ക്ക് കാലിത്തീറ്റയും മരുന്നുകളും വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് വാങ്ങിയതിലൂടെ 1000 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടായി എന്നാണ് സി ബി ഐ കണ്ടെത്തല്‍. ഡിസംബര്‍ 13 നാണ് കേസില്‍ വിചാരണ പൂര്‍ത്തിയായത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com