ആന്ധ്രയിലെ ക്ഷേത്രങ്ങളില്‍ പുതുവര്‍ഷം ആഘോഷിക്കുന്നതിന് സര്‍ക്കാര്‍ വിലക്ക്; ഹിന്ദു പാരമ്പര്യമല്ലെന്നു വാദം

ഹിന്ദു ധര്‍മ്മ പരിരക്ഷണ ട്രസ്റ്റ് പുറത്തിറക്കിയ സര്‍ക്കുലറിലാണ് പുതുവല്‍സരാഘോഷം വിലക്കിയത്. 
ആന്ധ്രയിലെ ക്ഷേത്രങ്ങളില്‍ പുതുവര്‍ഷം ആഘോഷിക്കുന്നതിന് സര്‍ക്കാര്‍ വിലക്ക്; ഹിന്ദു പാരമ്പര്യമല്ലെന്നു വാദം

ഹൈദരാബാദ് : ആന്ധ്രയിലെ ക്ഷേത്രങ്ങളില്‍ പുതുവത്സരം ആഘോഷിക്കുന്നതിന് സര്‍ക്കാര്‍ വിലക്ക്. ഹൈന്ദവ പാരമ്പര്യത്തിന് എതിരാണെന്നു ചൂണ്ടിക്കാട്ടിയാണ്, സംസ്ഥാന സര്‍ക്കാരിനു കീഴിലെ ഹിന്ദു ധര്‍മ്മ പരിരക്ഷണ ട്രസ്റ്റ് ക്ഷേത്രങ്ങളിലെ പുതുവത്സര ആഘോഷം വിലക്കിയിരിക്കുന്നത്. ആഘോഷങ്ങള്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടി ട്രസ്റ്റ് ക്ഷേത്ര അധികൃതര്‍ക്ക് സര്‍ക്കുലര്‍ അയച്ചു.

പുതുവല്‍സരാഘോഷം ഹിന്ദു പാരമ്പര്യത്തില്‍പ്പെട്ട ഒന്നല്ല. അതിനാല്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ വേണ്ടെന്നാണ് സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
പുതുവര്‍ഷത്തില്‍ പൂക്കള്‍ കൊണ്ട് ക്ഷേത്രം അലങ്കരിക്കുന്നതിനെയും, ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനെയും സര്‍ക്കുലറില്‍ ചോദ്യം ചെയ്യുന്നു. ജനുവരി ഒന്നിന് ക്ഷേത്രങ്ങള്‍ അലങ്കരിക്കുകയോ മധുരം വിതരണം ചെയ്യുകയോ ചെയ്യരുതെന്നും സര്‍ക്കലുര്‍ നിര്‍ദേശിക്കുന്നു. അതേസമയം ആന്ധ്രയില്‍ പുതുവര്‍ഷമായി കണക്കാക്കുന്ന 'ഉഗാദി' ക്ഷേത്രങ്ങളില്‍ ഹൈന്ദവ പാരമ്പര്യ പ്രകാരം ആഘോഷിക്കാമെന്നും സര്‍ക്കുലര്‍ അഭിപ്രായപ്പെട്ടു.

ആന്ധ്രപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തില്‍ എല്ലാക്കൊല്ലവും പുതുവര്‍ഷവും വിപുലമായി ആഘോഷിക്കാറുണ്ട്. പുതുവര്‍ഷത്തിന് ഏതാണ്ട് ഒരു ലക്ഷത്തോളം ഭക്തര്‍ ദര്‍ശനത്തിന് എത്തുമെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ കണക്കുകൂട്ടല്‍. ഇതനുസരിച്ച് വേണ്ട ഒരുക്കങ്ങള്‍ നടത്തിയതായി അധികൃതര്‍ അറിയിച്ചു. പുതുവര്‍ഷത്തിനു പുറമെ ഡിസംബര്‍ 29ന് വൈകുണ്ഡ ഏകാദശിയും 30ന് ദ്വാദശിയുമാണ്. ഇതും ഭക്തരുടെ തിരക്കിന് കാരണമാകുമെന്ന് ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി.

പുതുവല്‍സാഘോഷം വിലക്കിക്കൊണ്ടുള്ള ആന്ധ്രയുടെ നടപടിയെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്. കര്‍ണാടകയിലെ ഭാരത പുനരുത്ഥാന ട്രസ്റ്റ്, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ പുതുവല്‍സരാഘോഷങ്ങള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധാരമയ്യയ്ക്കു കത്ത് നല്‍കി. അഥവാ ക്ഷേത്രങ്ങള്‍ പുതുവല്‍സരാഘോഷം നടത്തിയാല്‍ അതിന് ക്ഷേത്രഫണ്ട് ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കണമെന്നും
കത്തില്‍ ആവശ്യപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com