ദേര സച്ച വക്താവ് ആദിത്യ ഇന്‍സാനെ തിരഞ്ഞ് അന്വേഷണസംഘം ;  കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം

പഞ്ച്കുളയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കലാപം ആസൂത്രണം ചെയ്ത കേസില്‍ മുഖ്യപ്രതികളിലൊരാണ് ആദിത്യ ഇന്‍സാന്‍
ദേര സച്ച വക്താവ് ആദിത്യ ഇന്‍സാനെ തിരഞ്ഞ് അന്വേഷണസംഘം ;  കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം


ചണ്ഡീഗഡ്: ദേരാ സച്ചാ സൗദാ ആശ്രമത്തിന്റെ വക്താവ് ആദിത്യ ഇന്‍സാനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന പോലീസ്. ബലാല്‍സംഗ കുറ്റത്തിന് ദേര സച്ചാ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗ് അറസ്റ്റിലായതിനെ തുടര്‍ന്ന്, പഞ്ച്കുളയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കലാപം ആസൂത്രണം ചെയ്ത കേസില്‍ മുഖ്യപ്രതികളിലൊരാണ് ആദിത്യ ഇന്‍സാന്‍. ഇയാള്‍ക്ക് വേണ്ടി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച അന്വേഷണ സംഘം, നിരവധി റെയ്ഡുകള്‍ നടത്തിയെങ്കിലും പിടികൂടാനായിരുന്നില്ല.

നേരത്തെ ഒരു ലക്ഷം രൂപയായിരുന്നു ആദിത്യ ഇന്‍സാനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ നിര്‍ണായക വിവരങ്ങളൊന്നും ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് പാരിതോഷികം ഉയര്‍ത്താന്‍ തീരുമാനിച്ചത്. പാരിതോഷികം രണ്ടു ലക്ഷം രൂപയായി ഉയര്‍ത്താനുള്ള നിര്‍ദേശം ഹരിയാന ഡിജിപിക്ക് സമര്‍പ്പിച്ചു. ഇതിന് ഡിജിപി അംഗീകാരം നല്‍കിയതായി പഞ്ചകുള പൊലീസ് കമ്മീഷണര്‍ എഎസ് ചൗള അറിയിച്ചു. 

കേസില്‍ പിടികിട്ടാനുള്ള മറ്റു നാലു പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് അര ലക്ഷം രൂപ വീതം പാരിതോഷികം നല്‍കുമെന്നും പൊലീസ് അറിയിച്ചു. ഗുര്‍മീത് റാം റഹീമിന് ജയില്‍ ശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് 25 നാണ് ഹരിയാനയിലെ വിവിധ സ്ഥലങ്ങളില്‍ കലാപം നടന്നത്. കേസുമായി ബന്ധപ്പെട്ട് ആദിത്യയെയും മൂന്ന് കൂട്ടാളികളെയുമാണ് ഇനി പിടികൂടാനുള്ളത്. പ്രതികളെ തിരിച്ചറിയുന്നതിനായി പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെല്ലാം ലുക്കൗട്ട് പോസ്റ്ററുകള്‍ പതിച്ചതായി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com