മന്‍മോഹന്‍സിംഗിന്റെ ദേശസ്‌നേഹത്തെ പ്രധാനമന്ത്രി ചോദ്യം ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ; വിശദീകരണം തൃപ്തികരമെന്ന് കോണ്‍ഗ്രസ്

ഹമീദ് അന്‍സാരിയുടെ രാജ്യസ്‌നേഹത്തെയും പ്രധാനമന്ത്രി വിമര്‍ശിച്ചിട്ടില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി
മന്‍മോഹന്‍സിംഗിന്റെ ദേശസ്‌നേഹത്തെ പ്രധാനമന്ത്രി ചോദ്യം ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ; വിശദീകരണം തൃപ്തികരമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ദേശസ്‌നേഹത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ചോദ്യം ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വിശദീകരിച്ചത്. മന്‍മോഹനെ പ്രധാനമന്ത്രി അപകീര്‍ത്തിപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന്റെ രാജ്യത്തോടുള്ള പ്രതിബദ്ധതയെ ചോദ്യം ചെയ്തിട്ടുമില്ല. മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ രാജ്യസ്‌നേഹത്തെയും പ്രധാനമന്ത്രി വിമര്‍ശിച്ചിട്ടില്ലെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. 

ജെയ്റ്റ്‌ലി നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ, വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രസംഗത്തിലായാലും പ്രധാനമന്ത്രിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ കോണ്‍ഗ്രസിലെ ആരും നടത്തിയില്ല. അത്തരം പ്രസ്താവനകള്‍ ആര് നടത്തിയാലും കോണ്‍ഗ്രസ് അതിനോട് യോജിക്കില്ല. ഭാവിയിലും പ്രധാനമന്ത്രിയുടെ പദവിയെ അപമാനിക്കുന്ന പ്രസ്താവനകള്‍ ഉണ്ടാകില്ലെന്നും രാജ്യസഭയിലെ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് അറിയിച്ചു. ജയ്റ്റ്‌ലിയുടെ വിശദീകരണത്തിന് ആസാദ് നന്ദിയും അറിയിച്ചു. 

ഗുജറാത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മന്‍മോഹന്‍സിംഗ് പാകിസ്ഥാനുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണം. കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരുടെ വസതിയില്‍ നടത്തിയ വിരുന്നില്‍ പാക് മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മുഹമ്മദ് കസൂരിയും, മന്‍മോഹന്‍സിംഗും ഹമീദ് അന്‍സാരിയും പങ്കെടുത്തത് ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ ആരോപണം. ആരോപണത്തിനെതിരെ കോണ്‍ഗ്രസ് അതിശക്തമായാണ് രംഗത്തു വന്നത്. മന്‍മോഹനെതിരായ പ്രധാനമന്ത്രിയുടെ പരാമര്‍ശത്തില്‍ പാര്‍ലമെന്റ് സ്തംഭിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com