മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ഇന്ന് പാര്‍ലമെന്റില്‍ ; എതിര്‍പ്പുമായി സിപിഎമ്മും മുസ്ലീം ലീഗും 

ബില്‍ ഇന്നു ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന സാഹചര്യത്തില്‍ എംപിമാര്‍ക്കു ബിജെപി വിപ്പ് നല്‍കി
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ഇന്ന് പാര്‍ലമെന്റില്‍ ; എതിര്‍പ്പുമായി സിപിഎമ്മും മുസ്ലീം ലീഗും 

ന്യൂഡല്‍ഹി : മുസ്ലീം സ്ത്രീകളെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്ന മുസ്ലീം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുക. വാക്കാലോ, രേഖാമൂലമോ, ഇലക്ട്രോണിക് രൂപത്തിലോ അടക്കം ഏതുവിധത്തിലുള്ള മുത്തലാഖിനെയും തടയുന്നതാണ് പുതിയ ബില്‍. ഇതനുസരിച്ച് ഒറ്റയടിക്ക് മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ജാമ്യമില്ലാ കുറ്റമാകും. കൂടാതെ മൂന്നുവര്‍ഷംവരെ തടവും പിഴ ശിക്ഷയും ബില്‍ വ്യവസ്ഥ ചെയ്യുന്നു. 

മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി വിധിച്ച സുപ്രീംകോടതി ഇതിനെതിരെ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി ബില്ലിന് രൂപം നല്‍കിയത്. ബില്ലില്‍ മുത്തലാഖിന് ഇരയാക്കപ്പെട്ട മുസ്ലിം സ്ത്രീകള്‍ക്ക് ജീവനാംശം ഉറപ്പുവരുത്തുകയും  പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ സംരക്ഷണച്ചുമതല സ്ത്രീകള്‍ക്ക് നല്‍കാനും വ്യവസ്ഥ ചെയ്യുന്നുണ്ട്. 

ബില്‍ ഇന്നു ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന സാഹചര്യത്തില്‍ ബിജെപി എംപിമാര്‍ക്കു പാര്‍ട്ടി വിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം മുത്തലാഖ് ബില്‍ പിന്‍വലിക്കണമെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ആവശ്യപ്പെട്ടു. യാതൊരു കൂടിയാലോചനയും നടത്താതെ ഏകപക്ഷീയമായാണു കേന്ദ്ര സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നതെന്ന് ബോര്‍ഡ് ആരോപിച്ചു. മുസ്ലീം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്ലിനെ എതിര്‍ക്കുമെന്ന് മുസ്ലിം ലീഗും അറിയിച്ചിട്ടുണ്ട്. 

അതേസമയം മുത്തലാഖ് ഭരണഘടനാ വിരുദ്ധം ആണെന്ന് സുപ്രീം കോടതി തന്നെ വിധിച്ച സാഹചര്യത്തില്‍ ബില്‍ കൊണ്ടുവരേണ്ട ആവശ്യം ഇല്ലെന്നാണ് സിപിഎം നിലപാട്. സിവില്‍ കേസായ വിവാഹമോചനം ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ രാഷ്ട്രീയ ഉദ്ദേശത്തോടെയാണെന്ന് സിപിഎം നേതാവ് മുഹമ്മദ് സലിം അഭിപ്രായപ്പെട്ടു. നിര്‍ദ്ദിഷ്ട ബില്ലിനെതിരെ സിപിഎം അംഗം എ സമ്പത്ത് ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. വിവാഹമോചനത്തെ ക്രിമിനല്‍ കേസായി പരിഗണിക്കുന്നതില്‍ എതിര്‍പ്പുണ്ടെന്നാണ് എ സമ്പത്ത് നോട്ടീസില്‍ വ്യക്തമാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com