'ലൗ ജിഹാദ്' ആരോപിച്ച് വിവാഹം അലങ്കോലപ്പെടുത്തി ; ബിജെപി നേതാവിനെ പദവിയില്‍ നിന്നും പുറത്താക്കി

ഗാസിയാബാദ് ബിജെപി യൂണിറ്റ് പ്രസിഡന്റ് അജയ് ശര്‍മ്മയ്‌ക്കെതിരെയാണ് പാര്‍ട്ടി നടപടി എടുത്തത്
'ലൗ ജിഹാദ്' ആരോപിച്ച് വിവാഹം അലങ്കോലപ്പെടുത്തി ; ബിജെപി നേതാവിനെ പദവിയില്‍ നിന്നും പുറത്താക്കി

ഗാസിയാബാദ് : ഹിന്ദു യുവതി മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചത് ലൗ ജിഹാദ് ആണെന്ന് ആരോപിച്ച് വിവാഹം അലങ്കോലപ്പെടുത്തിയ ബിജെപി നേതാവിനെ പാര്‍ട്ടി പദവിയില്‍ നിന്നും പുറത്താക്കി. ഗാസിയാബാദ് ബിജെപി യൂണിറ്റ് പ്രസിഡന്റ് അജയ് ശര്‍മ്മയ്‌ക്കെതിരെയാണ് പാര്‍ട്ടി നടപടി എടുത്തത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റെ ചുമതല വഹിക്കുന്ന മംഗള്‍ പാണ്ഡെയുടെ നിര്‍ദേശ പ്രകാരമാണ് നടപടിയെന്ന്  സംസ്ഥാന ജനറല്‍ സെക്രട്ടറി വിദ്യാസാഗര്‍ സോങ്കര്‍ അറിയിച്ചു. 

ഗാസിയാബാദ് യൂണിറ്റ് പ്രസിഡന്റ് സ്ഥാനം ഗാസിയാബാദ് സിറ്റി ജനറല്‍ സെക്രട്ടറിയായ മന്‍സിംഗ് ഗോസ്വാമിക്ക് നല്‍കിയതായും സോങ്കര്‍ കത്തില്‍ വ്യക്തമാക്കി. ഗോസ്വാമി ചൊവ്വാഴ്ച രാത്രി 11.30 ഓടെ ചുമതലയേറ്റു. 

ഡിസംബര്‍ 22 നാണ് നടപടിക്കിടയാക്കിയ സംഭവം അരങ്ങേറിയത്. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം ഹിന്ദു യുവതി മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചത് ലൗ ജിഹാദാണെന്ന് ആരോപിച്ചാണ് രാജ്‌നഗറിലെ വിവാഹവേദിയിലേക്ക് അജയ് ശര്‍മ്മയും നൂറോളം പേരടങ്ങുന്ന ഹിന്ദുത്വ സംഘടനാപ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയത്. തുടര്‍ന്ന് ഇവര്‍ വിവാഹം അലങ്കോലമാക്കി. തുടര്‍ന്ന് വധുവിന്റെ പിതാവിന്‍രെ പരാതി പ്രകാരം സ്ഥലത്തെത്തിയ പൊലീസുമായി സംഘം ഏറ്റുമുട്ടി. തുടര്‍ന്ന് ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസ് ബലം പ്രയോഗിച്ചാണ് പ്രവര്‍ത്തകരെ മാറ്റിയത്. 

പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ അജയ് ശര്‍മ്മക്കും നൂറോളം പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മള്‍ട്ടിനാഷനല്‍ കമ്പനി ജീവനക്കാരാണ് വിവാഹിതരായ യുവാവും യുവതിയും. ഇവരുടെ വിവാഹത്തെ കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. തന്നെ ബിജെപി ഗാസിയാബാദ് സിറ്റി പ്രസിഡന്റ് പദവിയില്‍ നിന്ന് മാറ്റിയതായി കത്ത് ലഭിച്ചതായി അജയ് ശര്‍മ്മ അറിയിച്ചു. പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com