"മറ്റൊരു ഗൗരി ലങ്കേഷോ, അഫ്രാസുളോ ആകാന്‍ ആഗ്രഹമില്ല" ; സംഘപരിവാര്‍ വധഭീഷണി മൂലം ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വ ഫേസ്ബുക്ക് പേജ് പൂട്ടുന്നതായി അഡ്മിന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th December 2017 08:56 AM  |  

Last Updated: 29th December 2017 09:03 AM  |   A+A-   |  

human_of_hinduthva

 

ന്യൂഡല്‍ഹി : ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ശക്തമായി നിലകൊണ്ട ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വ എന്ന ഫേസ്ബുക്ക് പേജ് നിര്‍ത്തലാക്കുന്നു. ട്രോളുകളും വധ ഭീക്ഷണികളും താങ്ങാനാവുന്നതിനും അപ്പുറത്തായതോടെയാണ് പേജ് ഡീ ആക്ടിവേറ്റ് ചെയ്യുന്നതെന്ന് അഡ്മിന്‍ അറിയിച്ചു. തനിക്ക് നേരെയുള്ള വധഭീഷണികള്‍ താങ്ങാവുന്നതിലും അധികമായിരിക്കുന്നു. എന്റെ ഫോണ്‍ നമ്പര്‍ വരെ പരസ്യമായിരിക്കുന്നു. ഞാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനത്താണ് ജീവിക്കുന്നത്. 

ഇടത്തരം കുടുംബത്തില്‍പ്പെട്ട തനിക്ക് രാഷ്ട്രീയമായോ, പൊലീസ് അധികൃതരുമായോ ബന്ധമില്ല. അതുകൊണ്ടുതന്നെ മറ്റൊരു ഗൗരി ലങ്കേഷോ, അഫ്രാസുള്‍ ഖാനോ ആകാന്‍ ആഗ്രഹിക്കുന്നില്ല. തന്റെയും
കുടുംബത്തിന്റെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വ ഫേസ്ബുക്ക് പേജ് നിര്‍ത്തലാക്കുന്നതെന്ന് അഡ്മിന്‍ അറിയിച്ചു. 

ഇത് സ്വന്തം നിലയ്ക്ക് എടുത്ത തീരുമാനമാണ്. തനിക്കെതിരെ വധഭീഷണി മുഴക്കിയിരുന്നവര്‍ ഇത് തങ്ങളുടെ വിജയമായി കരുതുമെന്നാണ് വിചാരിക്കുന്നത്. എന്തായാലും തന്നെ വെറുതെ വിടുക. ദാവീദ് ഗോലിയാത്ത് യുദ്ധത്തില്‍ നിങ്ങള്‍ വിജയിച്ചിരിക്കുന്നു. ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തതായും, വെബ്‌സൈറ്റ് ഉടന്‍ തന്നെ നിര്‍ത്തുമെന്നും അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു. തനിക്ക് വേണ്ടി സമയം ചെലവഴിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും അഡ്മിന്‍ കുറിപ്പില്‍ വ്യക്തമാക്കി. 

ബ്രന്‍ഡന്‍ സ്റ്റാന്‍ഡന്റെ ഹ്യൂമന്‍സ് ഓഫ് ന്യൂയോര്‍ക്കില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വ ഫേസ്ബുക്ക് പേജ് ആരംഭിച്ചത്. ഹിന്ദുത്വ ശക്തികള്‍ക്കെതിരായ ശക്തവും സര്‍ഗാത്മകവുമായ വിമര്‍ശനമാണ് പേജിലൂടെ ഉന്നയിച്ചിരുന്നത്. ഗോരക്ഷാ ആക്രമണങ്ങള്‍, സദാരാച പൊലീസിംഗ്, സംഘപരിവാര്‍ സംഘടനകളുടെ സമകാലിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെ കാര്‍ട്ടൂണുകള്‍, പരിഹാസകുറിപ്പുകള്‍ എന്നിവയിലൂടെ പേജില്‍ പ്രതികരിച്ചിരുന്നു. 

ഫേസ്ബുക്ക് പേജ് തുടങ്ങി മാസങ്ങള്‍ക്കകം തന്നെ സംഘ പരിവാര്‍ രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ച ഗ്രൂപ്പിന് ഒരു ലക്ഷത്തിനകം ലൈക്കുകളും നിരവധി ഫോളോവേഴ്‌സും ഉണ്ടായിരുന്നു. നേരത്തെ സെപ്തംബറിലും പേജിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും ഫേസ്ബുക്ക് പേജ് പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.