സ്ത്രീകള്‍ നേരിടുന്ന പ്രധാനപ്രശ്‌നം വൈവാഹിക ബലാല്‍സംഗവും പെണ്‍ഭ്രൂണഹത്യയുമെന്ന് വനിതാ എംപിമാര്‍

ഇസ്ലാമിക വിവാഹമോചനത്തില്‍ അനുരഞ്ജന ചര്‍ച്ചയ്ക്ക് പ്രാധാന്യമുണ്ടെന്ന് കോണ്‍ഗ്രസ് എംപി സുഷ്മിത ദേവ്
സ്ത്രീകള്‍ നേരിടുന്ന പ്രധാനപ്രശ്‌നം വൈവാഹിക ബലാല്‍സംഗവും പെണ്‍ഭ്രൂണഹത്യയുമെന്ന് വനിതാ എംപിമാര്‍

ന്യൂഡല്‍ഹി : മുസ്ലീം സ്ത്രീകളെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമായി വ്യവസ്ഥ ചെയ്യുന്ന മുസ്ലീം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്ലിന്മേല്‍ നടന്നത് ചൂടേറിയ വാദപ്രതിവാദങ്ങള്‍. പ്രതിപക്ഷ വനിതാ എംപിമാര്‍ ശക്തമായ എതിര്‍പ്പാണ് ലോക്‌സഭയില്‍ ഉന്നയിച്ചത്. വിവാഹശേഷമുള്ള ബലാല്‍സംഗവും പെണ്‍ഭ്രൂണ ഹത്യയുമാണ് ഇന്ത്യയിലെ സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് എന്‍സിപി എംപിയും ശരദ്പവാറിന്റെ മകളുമായ സുപ്രിയ സുലെ അഭിപ്രായപ്പെട്ടു. 

കഴിഞ്ഞദിവസം വിമാനത്താവളത്തില്‍ വെച്ച് ഒരു യുവതിയുമായി നടത്തിയ സംഭാഷണവും അവര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി. മുത്തലാഖിനെപ്പറ്റി ചോദിച്ചപ്പോള്‍, സുപ്രീംകോടതി കൃത്യമായ നിലപാട് എടുത്തിട്ടുണ്ടെന്നും, നിങ്ങള്‍ അതില്‍ സമയം കളയേണ്ടെന്നുമായിരുന്നു അവരുടെ പ്രതികരണം. വിവാഹത്തിന് ശേഷമുള്ള ബലാല്‍സംഗത്തെക്കുറിച്ച് എന്തുകൊണ്ട് ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്നും അവര്‍ ചോദിച്ചതായി സുപ്രിയ വ്യക്തമാക്കി. 

ഇസ്ലാമിക വിവാഹമോചനത്തില്‍ അനുരഞ്ജന ചര്‍ച്ചയ്ക്ക് പ്രാധാന്യമുണ്ടെന്ന് കോണ്‍ഗ്രസ് എംപി സുഷ്മിത ദേവ് പറഞ്ഞു. ബില്‍ നിയമമാകുന്നതോടെ ഈ ചര്‍ച്ച കൂടി റദ്ദാക്കപ്പെടും. ജാമ്യമില്ലാ വകുപ്പ് പ്രകാരം ക്രിമിനല്‍ കേസെടുക്കപ്പെട്ട ഭര്‍ത്താവ്, ഭാര്യയ്‌ക്കൊപ്പം ചര്‍ച്ചയ്ക്ക് ഇരിക്കുമോ. ഭര്‍ത്താവ് ജയിലിലായാല്‍ ഭാര്യക്ക് ആര് ചെലവിന് കൊടുക്കുമെന്നും സുഷ്മിത ചോദിച്ചു. 

മുത്തലാഖ് ബില്‍ കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ എതിര്‍പ്പ് ശബ്ദവോട്ടോടെ തള്ളിയാണ് ബില്‍ ലോക്‌സഭ പാസ്സാക്കിയത്. ബില്‍ മുസ്ലീം സ്ത്രീകളുടെ പ്രതീക്ഷയുടെ പുതുയുഗപ്പിറവിയാണെന്നാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ അഭിപ്രായപ്പെട്ടത്. അതേസമയം ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മുസ്ലീം ലീഗ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com