രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്ത് കമല്‍ഹാസന്‍

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 234 മണ്ഡലങ്ങളിലും മല്‍സരിക്കുമെന്ന് രജനി വ്യക്തമാക്കിയിട്ടുണ്ട് 
രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്ത് കമല്‍ഹാസന്‍

ചെന്നൈ : രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള സൂപ്പര്‍താരം രജനികാന്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് നടന്‍ കമല്‍ഹാസന്‍. സഹോദരന്‍ രജനിയുടെ സാമൂഹ്യമായ ജാഗ്രതയ്ക്കും രാഷ്ട്രീയ പ്രവേശനത്തിനും അഭിനന്ദനങ്ങള്‍. സ്വാഗതം.. സ്വാഗതം.. കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു. 

ചെന്നൈയില്‍ ആരാധക സംഗമത്തിന്‍രെ സമാപന ദിവസം നടത്തിയ പ്രഖ്യാപനത്തിലാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യം രജനി പ്രഖ്യാപിച്ചത്. നേരത്തെ തന്നെ രാഷ്ട്രീയ പ്രവേശന സാധ്യത പ്രഖ്യാപിച്ച കമല്‍ഹാസന്‍, രജനി പാര്‍ട്ടി രൂപീകരിച്ചാല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമേ ഉള്ളൂവെന്ന് പറഞ്ഞിരുന്നു. എന്നാല്‍ രജനിയുടെ പുതിയ പാര്‍ട്ടിയില്‍ അംഗമാകുമോ എന്ന കാര്യത്തില്‍ കമല്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. 


സിനിമയിലെ തന്റെ കര്‍ത്തവ്യം പൂര്‍ത്തിയായിരിക്കുന്നുവെന്ന് തീരുമാനം പ്രഖ്യാപിച്ച രജനികാന്ത് പറഞ്ഞു. പണമോ പദവിയോ സ്ഥാനമാനങ്ങളോ മോഹിച്ചല്ല രാഷ്ട്രീയത്തിലേക്ക് വരുന്നത്. തനിക്ക് അധികാരക്കൊതിയുമില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യം മോശമാണ്. രാഷ്ട്രീയ രീതികളില്‍ അതൃപ്തിയുണ്ട്. ജനാധിപത്യത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനമാണ് ഇപ്പോള്‍ തുടരുന്നത്. ഇത് അവസാനിപ്പിക്കേണ്ടതുണ്ട്. തന്റെ രാഷ്ട്രീയപ്രവേശനം കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് രജനി പറഞ്ഞു.

തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കായിരിക്കും പാര്‍ട്ടി മുന്‍ഗണന നല്‍കുക. കഴിഞ്ഞ ഒരു വര്‍ഷം തമിഴ്‌നാട്ടിലുണ്ടായ കാര്യങ്ങള്‍ സംസ്ഥാനത്തെ നാണംകെടുത്തി. ഇന്ന് ഞാന്‍ ഈ തീരുമാനം എടുത്തില്ലെങ്കില്‍ ഞാന്‍ കൂടി ജനങ്ങളെ താഴ്ത്തിക്കെട്ടുകയാകും. ആ കുറ്റബോധം എന്നെ വേട്ടയാടും. ജാതിയിലോ മതത്തിലോ അടിസ്ഥാനമാക്കിയതാകില്ല പാര്‍ട്ടി. സത്യസന്ധത, ജോലി, വളര്‍ച്ച എന്നിവയായിരിക്കും പാര്‍ട്ടിയുടെ മൂന്നു മന്ത്രങ്ങളെന്നും രജനി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com