യുപി വോട്ടര്‍മാരോട് ഒരു മുന്‍ കൊള്ളക്കാരിക്കു പറയാനുള്ളത്

ദി ബാലറ്റില്‍ മുഖ്യവേഷത്തില്‍ സീമാ പരിഹാര്‍വോട്ടു ബോധവത്കരണത്തിനായി നിര്‍മിച്ച ഹ്രസ്വ ചിത്രം 
യുപി വോട്ടര്‍മാരോട് ഒരു മുന്‍ കൊള്ളക്കാരിക്കു പറയാനുള്ളത്

ചമ്പല്‍ കൊള്ളക്കാരിയില്‍നിന്ന് പരിസ്ഥിതി പ്രവര്‍ത്തകയായി പരിണമിച്ച സീമാ പരിഹാര്‍ യുപി തെരഞ്ഞെടുപ്പില്‍ പുതിയൊരു റോളിലാണ്. വോട്ടു ചെയ്യാന്‍ ജനങ്ങളെ ആഹ്വാനം ചെയ്യുന്ന ജനാധിപത്യ പ്രചാരക. വോട്ടിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ ഇറ്റാവ ജില്ലാ ഭരണകൂടം നിര്‍മിച്ച ദി ബാലറ്റ് എന്ന ഹ്രസ്വ സിനിമയിലെ താരസാന്നിധ്യമാണ് സീമാ പരിഹാര്‍.
തെരഞ്ഞെടുപ്പു സമയത്തു ജനങ്ങളെത്തേടി എത്തുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്യുന്ന രാഷ്ട്രീയക്കാരെ മടുത്ത് വോട്ടുബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്യുന്ന ഗ്രാമമുഖ്യയെയാണ് ദി ബാലറ്റില്‍ സീമാ പരിഹാര്‍ അവതരിപ്പിക്കുന്നത്. ബഹിഷ്‌കരണത്തിനുള്ള ആഹ്വാനത്തിനെതിരെ ജനങ്ങളെ അണിനിരത്താന്‍ ജില്ലാ ഭരണകൂടം തീവ്രശ്രമം നടത്തുന്നു. വോട്ടിന്റെ ശക്തിയും പ്രാധാന്യവും എന്താണെന്ന് ബഹിഷ്‌കരണത്തിന് ആഹ്വാനം നല്‍കുന്നവരെത്തന്നെ ബോധ്യപ്പെടുത്താനും അവര്‍ക്കാവുന്നു. ഒടുവില്‍ ഗ്രാമമുഖ്യ തന്നെ വോട്ടുചെയ്യാന്‍ പോളിങ് ബൂത്തിലെത്തുന്നതാണ് ദി ബാലറ്റിന്റെ പ്രമേയം. ചിത്രത്തില്‍ സീമാ പരിഹാര്‍ ആയിതന്നെയാണ്, മുന്‍ ചമ്പല്‍ നായിക എത്തുന്നത്. 
പ്രതിഫലമൊന്നും വാങ്ങാതെയാണ് സീമ പരിഹാര്‍ ചിത്രത്തില്‍ അഭിനയിച്ചത്. പതിനെട്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ഗ്രാമങ്ങളിലും തെരുവുകളിലും പ്രദര്‍ശിപ്പിച്ച് വലിയ ബോധവത്കരണ പ്രവര്‍ത്തനങ്ങളാണ് ജില്ലാ ഭരണകൂടം നടത്തിയത്. പരമാവധി പ്രദര്‍ശനം സംഘടിപ്പിക്കാനായി ചിത്രത്തിന്റെ എണ്ണൂറു സിഡികള്‍ നിര്‍മിച്ച് ഗ്രാമ അധികാരികള്‍ക്കും സന്നദ്ധ സംഘടനകളും നല്‍കുകയായിരുന്നു അധികൃതര്‍.
പതിമൂന്നാം വയസില്‍ ചമ്പല്‍ കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയതോടെയാണ് സീമാ പരിഹാറിന്റെ ജീവിതം മാറിമറിഞ്ഞത്. പിന്നീട് ഏറെക്കാലം കൊള്ളക്കാരോടൊത്തു കഴിഞ്ഞ അവര്‍ കൊള്ള സംഘത്തലവനായ നിര്‍ഭയ് ഗുജ്ജാറിനെ വിവാഹം കഴിച്ചു. സംഘ നേതാവായി മാറിയ സീമ 2000ല്‍ ആണ് യുപി പൊലീസിനു മുന്നില്‍ കീഴടങ്ങിയത്. എട്ടു കൊലപാതകങ്ങള്‍ ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങള്‍ക്കു ശിക്ഷ അനുഭവിച്ച സീമയുടെ ജീവിതം വൂണ്ടഡ്- ദി ബാന്‍ഡിറ്റ് ക്യൂന്‍ എന്ന പേരില്‍ സിനിമയായിട്ടുണ്ട്. സീമ പരിഹാര്‍ തന്നെയാണ് അതിന്റെ സ്വന്തം വേഷം അവതരിപ്പിച്ചത്. 2010ല്‍ ബിഗ് ബോസ് എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയിലും അവര്‍ അഭിനയിച്ചിരുന്നു. 
ജയില്‍മോചിതയായ ശേഷം എസ്പിയും ബിജെപിയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച സീമ പിന്നീട് വരണ്ടുണങ്ങുന്ന ചമ്പല്‍ മേഖലയില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുന്ന പ്രവര്‍ത്തനത്തിലേക്കു തിരിയുകയായിരുന്നു. ഇപ്പോള്‍ തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നാണ് സീമ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com