യുപിയില്‍ ലാപ് ടോപ്പാണ് താരം

കൂടുതല്‍ ലാപ്‌ടോപ്പ് നല്‍കുമെന്ന് എസ്പികഴിഞ്ഞ തവണ നല്‍കിയത് 18 ലക്ഷം ലാപ് ടോപ്പുകള്‍ 
യുപിയില്‍ ലാപ് ടോപ്പാണ് താരം

ഉത്തര്‍പ്രദേശിന്റെ ഉള്‍ഗ്രാമങ്ങളില്‍ കുറച്ചുനാളായി ലാപ് ടോപ്പാണ് സംസാര വിഷയം. പതിനെട്ടു ലക്ഷം ലാപ്‌ടോപ്പുകളാണ് അഖിലേഷ് യാദവ് സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നല്‍കിയത്. ഇത്തവണത്തെ പ്രകടനപത്രികയില്‍ വീണ്ടും വാഗ്ദാനമുണ്ട്, അധികാരത്തിലെത്തിയാല്‍ കൂടുതല്‍ ലാപ് ടോപ്പുകളും സ്മാര്‍ട്ട് ഫോണുകളും നല്‍കും. മുഖ്യമന്ത്രി അഖിലേഷ് യാദവിന് യുവാക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ടാക്കിയ നീക്കമാണ് ഇതെന്നാണ് സമാജ് വാദി പാര്‍ട്ടിയുടെ വിലയിരുത്തല്‍.സര്‍ക്കാര്‍ നല്‍കിയ ലാപ്‌ടോപ്പ് ഗ്രാമങ്ങളിലെ വിദ്യാര്‍ഥികളില്‍ എന്തു മാറ്റമുണ്ടാക്കിയെന്ന് അന്വേഷിച്ചുപോയ പലരും പല കൗതുകങ്ങളാണ് പുറത്തുകൊണ്ടുവന്നത്. തെരഞ്ഞെടുപ്പു വാഗ്ദാനം അനുസരിച്ച് ലാപ് ടോപ്പ് വിതരണം ചെയ്‌തെന്നല്ലാതെ കംപ്യൂട്ടര്‍ ഉപയോഗിക്കാനുള്ള പരിശീലനമൊന്നും ആര്‍ക്കും നല്‍കിയിരുന്നില്ല. അതുകൊണ്ട് കിട്ടിയ പലരും അത് ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്കു വിറ്റു. മറ്റു ചിലരാണെങ്കില്‍ ലാപ്‌ടോപ്പ് പോക്കറ്റ് മണി സംഘടിപ്പിക്കാനുള്ള മാര്‍ഗമായാണ് ഉപയോഗിച്ചത്. ഇന്റര്‍നെറ്റില്‍നിന്ന് സിനിമാ പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഫോണുകളിലാക്കിക്കൊടുക്കും. ഒരു പാട്ടിന് ഇരുപതു രൂപയാണ് ചാര്‍ജ്. ഇങ്ങനെയുള്ള പാട്ടുകച്ചവടം പോക്കറ്റ് മണിക്കു മാത്രമല്ല, കുടുംബത്തിന്റെ തന്നെ വരുമാന മാര്‍ഗമായും ഉപയോഗിക്കുന്നവരുണ്ട്. പല കുടുംബങ്ങളിലെയും ഏക ഹൈടെക് ഉപകരണമാണ് സര്‍ക്കാര്‍ നല്‍കിയ ലാപ് ടോപ്പ്. അങ്ങനെ തങ്ങളെ ഹൈടെക് ആക്കിയ അഖിലേഷ് യാദവിനല്ലേ വോട്ടു ചെയ്യേണ്ടത് എന്നാണ് ഈ ഗ്രാമീണരുടെ ചോദ്യം.


ലാപ് ടോപ്പ് കിട്ടിയിട്ടും വൈദ്യുതി ഇല്ലാത്തതിന്റെ പേരില്‍ ഉപയോഗിക്കാനാവാത്തവരും പലയിടത്തുമുണ്ട്. ഇന്റര്‍നെറ്റ് സൗകര്യം എത്തിനോക്കിയിട്ടില്ലാത്ത ഗ്രാമങ്ങളും നിരവധി. ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് എതിരാളികള്‍ അഖിലേഷിനെതിരെ വിമര്‍ശനമുന്നയിക്കുന്നത്. യുപിയിലെ യുവാക്കള്‍ക്ക് ജോലി കിട്ടുന്നതിനോ നല്ല വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കുന്നതിനോ ശ്രമിക്കാത്ത സര്‍ക്കാര്‍ ലാപ് ടോപ്പ് സൗജന്യമായി നല്‍കി അവരെ കൈയിലെടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് കുറ്റപ്പെടുത്തല്‍. എന്നാല്‍ ഇതുകൊണ്ടൊന്നും ലാപ് ടോപ്പ് യുപി ഗ്രാമങ്ങളിലുണ്ടാക്കിയ ഓളം നിലയ്ക്കുന്നില്ല. അത് വോട്ടായി മാറുമോ എന്നു മാത്രമാണ് ഇനി അറിയാനുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com