വിചാരണ വേളയിലെ ഗോഡ്‌സെയുടെ മൊഴി വെളിപ്പെടുത്തണം

ഗാന്ധി വധവുമായി ബന്ധപ്പെട്ട ഗോഡ്‌സെയുടെ മൊഴി വെളിപ്പെടുത്തണമെന്ന് വിവരാവകാശ കമ്മിഷന്‍
വിചാരണ വേളയിലെ ഗോഡ്‌സെയുടെ മൊഴി വെളിപ്പെടുത്തണം

ന്യൂഡല്‍ഹി: ഗാന്ധി വധത്തിന്റെ വിചാരണ വേളയിലുള്ള നാഥുറാം ഗോഡ്‌സെയുടെ മൊഴി പുറത്തുവിടണമെന്ന് വിവരാവകാശ കമ്മിഷന്‍. ഇതാവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷയ്ക്ക് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്ര വിവരാവകാശ കമ്മിഷന്‍ ഇടപെട്ടിരിക്കുന്നത്. 

വിചാരണ വേളയിലുള്ള ഗോഡ്‌സെയുടെ പ്രസ്താവനകളുടെ രേഖകള്‍ ആവശ്യപ്പെട്ട് അശുതേഷ് ബന്‍സാല്‍ എന്ന വ്യക്തിയാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ ഗോഡ്‌സയുടെ വാക്കുകള്‍ മാത്രമല്ല, ഗാന്ധി വധവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പുറത്തുവിടണമെന്ന്  വിവരാവകാശ കമ്മിഷണര്‍ ശ്രീധര്‍ ആചാര്യലു നിര്‍ദേശിച്ചു. 

ഗോഡ്‌സെയെ എതിര്‍ക്കുന്നവരുണ്ടെന്നു കരുതി ഗോഡ്‌സെയുടെ വാക്കുകളും മറ്റും വെളിപ്പെടുത്തുന്നതിനെ എതിര്‍ക്കേണ്ടതില്ലെന്നും ശ്രീധര്‍ ആചാര്യലു വ്യക്തമാക്കി.

ഗോഡ്‌സേക്കെതിരായ ചാര്‍ജ് ഷീറ്റും, ഗോഡ്‌സെയുടെ മൊഴികളടങ്ങിയ രേഖകളും ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസിനായിരുന്നു അശുതോഷ് വിവരാവകാശ  നിയമപ്രകാരം അപേക്ഷ നല്‍കിയത്. ഡല്‍ഹി  പൊലീസ് അപേക്ഷ നാഷണല്‍ ആര്‍ക്കൈവ്‌സിലേക്ക് അയച്ചു. എന്നാല്‍ അവിടെ നിന്നും മറുപടി ലഭിക്കാതെ വന്നതോടെയാണ് കേന്ദ്ര വിവരാവകാശ കമ്മിഷന്‍ ഇടപെട്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com