പ്രചാരണം കനത്തു; വാക്‌പോരും

തന്നെ ദളിത് വിരുദ്ധനെന്ന് മുദ്രകുത്തുവെന്ന് നരേന്ദ്രമോദി -മോദി ലക്ഷ്യമിടുന്നത് വര്‍ഗീയ ധ്രൂവീകരണമെന്ന് മായാവതി -യുപിയെ കള്ളന്‍മാരുടെയും കൊള്ളക്കാരുടെയും നാടാക്കിയെന്ന് അമിത്ഷാ 

ലഖ്‌നോ: യുപിയില്‍ തെരഞ്ഞെടുപ്പ് നാലാംഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കെ പോരാട്ടച്ചൂട് കനത്തു. പ്രധാനമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്നലെയും ഇന്നുമായി നിരവധി തെരഞ്ഞെടുപ്പ് റാലികളിലാണ് പങ്കെടുത്തത്. പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മായാവതിയും മുഖ്യമന്ത്രി അഖിലേഷും രംഗത്തുണ്ട്. മോദിയുടെ പ്രസംഗങ്ങളില്‍ പ്രധാനമായും വര്‍ഗീയതയാണ് മുഖ്യവിഷയം.

ജാതി കാര്‍ഡിറക്കി യുപിയില്‍ നേട്ടം കൊയ്യാനാണ് എസ്പിയുടെയും ബിഎസ്പിയുടെയും ശ്രമം. ഈ ശ്രമങ്ങളാണ് ഉത്തര്‍പ്രദേശിന്റെ വികസനത്തിന് തടസമായതെന്നാണ് മോദി പറയുന്നത്. താന്‍ ദളിത് വിരുദ്ധനാണെന്ന് മുദ്രകുത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. എന്നാല്‍ പരാജയഭീതി പൂണ്ട് വര്‍ഗീയ ധ്രുവീകരണമാണ് മോദിയുടെ ലക്ഷ്യമെന്നാണ് എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസിന്റെയും ഒരേ സ്വരത്തിലുള്ള മറുപടി. ഉത്തര്‍പ്രദേശിനെ കളളന്‍മാരുടെയും കൊള്ളക്കാരുടെയും നമ്പര്‍ വണ്‍ സംസ്ഥാനമാക്കി എന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അലഹബാദില്‍ പറഞ്ഞത്. ബിജെപി അധികാരത്തിലെത്തുന്നതോടെ യുപിയിലെ കശാപ്പുശാലകള്‍ പൂട്ടുമെന്നും അമിത് ഷാ പറഞ്ഞു. എന്നാല്‍ മോദി വര്‍ഗീയ കാര്‍ഡിറക്കി ഭിന്നിപ്പിക്കാനുളള ശ്രമമാണ് നടത്തുന്നതെന്നാണ് മായാവതി പറഞ്ഞു.

യുപിയില്‍ പരാജയം ഉറപ്പായതിനെ തുടര്‍ന്നാണ് വര്‍ഗീയ കാര്‍ഡിറക്കാന്‍ പ്രധാനമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നതെന്നും മായാവതി കുറ്റപ്പെടുത്തി. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണ് മോദിയുടെ പ്രസംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതെന്നും തെരഞ്ഞെടുപ്പില്‍ മുന്നൂറിലേറെ സീറ്റ് നേടി ബിഎസ്പി അധികാരത്തിലെത്തുമെന്നും മായാവതി പറഞ്ഞു. നരേന്ദ്രമോദിയുടെ വാഗ്ദാനങ്ങളില്‍ ഒന്നെങ്കിലും നടപ്പാക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. യുപിയിലെ കര്‍ഷകരെ ആത്മഹത്യിയിലേക്ക് കൊണ്ടുചെന്നെത്തിച്ചത് മോദിയുടെ നയങ്ങളാണ്. ഭിന്നിപ്പിക്കാനുള്ള മോദിയുടെ ശ്രമങ്ങള്‍ക്ക് ജനം ബാലറ്റിലൂടെ മറുപടി നല്‍കുമെന്നും രാഹുല്‍ പറഞ്ഞു. റായ്ബറേലിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുയായിരുന്നു രാഹുല്‍ഗാന്ധി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com