റെയില്‍വേയില്‍ പ്രധാനമന്ത്രിക്ക് അതൃപ്തി

റെയില്‍വേയുടെ പ്രവര്‍ത്തനത്തില്‍ പ്രധാനമന്ത്രിക്ക് അതൃപ്തി
റെയില്‍വേയില്‍ പ്രധാനമന്ത്രിക്ക് അതൃപ്തി

ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതൃപ്തി. ട്രെയിന്‍ സുരക്ഷ ശക്തമാക്കുന്നതിലും, മറ്റ് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലുമുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ അനാസ്ഥയാണ് പ്രധാനമന്ത്രിയുടെ അതൃപ്തിക്കിടയാക്കിയത്. 

അതൃപ്തി അറിയിച്ച് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിപേന്ദ്ര മിശ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു. ജനുവരി 31നാണ് റെയില്‍വേ മന്ത്രാലയത്തിന് കത്ത് കൈമാറിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്തുണ്ടായ ട്രെയിന്‍ അപകടങ്ങളില്‍ 225 പേര്‍ മരിക്കാനിടയായതും റെയില്‍വേ മന്ത്രാലയത്തിന്റെ വീഴ്ചയായാണ് വിലയിരുത്തുന്നത്. 

ട്രെയിനില്‍ ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കും എന്നതുള്‍പ്പെടെയുള്ള ലക്ഷ്യങ്ങള്‍ രണ്ടു വര്‍ഷത്തിനിപ്പുറവും കൈവരിക്കാന്‍ റെയില്‍വേ മന്ത്രാലയത്തിന് സാധിച്ചിട്ടില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു. 1500 കിലോമീറ്റര്‍ പാതയിരട്ടിപ്പിക്കലിനായിരുന്നു 2016ല്‍ റെയില്‍വേ മന്ത്രാലയം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ 500 കിലോമീറ്ററില്‍ മാത്രമാണ് പാതയിരട്ടിപ്പിക്കല്‍ നടന്നത്. 

റെയില്‍വേയുടെ പുരോഗതിയും, ആധുനിക സൗകര്യങ്ങളുമായി റെയില്‍വേയെ പരിഷ്‌കരിക്കുക എന്നതും കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണെന്ന് റെയില്‍വേ മന്ത്രിയെ കത്തില്‍ ഓര്‍മപ്പെടുത്തുന്നു. കേന്ദ്ര ബജറ്റില്‍ റെയില്‍വേക്കായി കൂടുതല്‍ തുക വകയിരുത്തിയിരിക്കുന്നതിനോട് നീതി പുലര്‍ത്തണമെന്നും റെയില്‍വേ മന്ത്രിക്കയച്ച കത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com