നോട്ടു നിരോധനം തിരിച്ചടിച്ചില്ല, തെരഞ്ഞെടുപ്പുകളില്‍ തിളങ്ങി ബിജെപി

മഹാരാഷ്ട്രാ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു മികച്ച ജയം, കോണ്‍ഗ്രസിനു തിരിച്ചടി
നോട്ടു നിരോധനം തിരിച്ചടിച്ചില്ല, തെരഞ്ഞെടുപ്പുകളില്‍ തിളങ്ങി ബിജെപി

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടി ജനങ്ങള്‍ക്കു ബൂദ്ധിമുട്ടുണ്ടാക്കിയെന്ന് ബിജെപി നേതാക്കള്‍ തന്നെ സമ്മതിക്കുമ്പോഴും തെരഞ്ഞെടുപ്പു രംഗത്ത് ബിജെപിക്കു തിളക്കം. നോട്ട് അസാധുവാക്കലിനു ശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിലും ഉപ തെരഞ്ഞെടുപ്പുകളിലും മികച്ച പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്. 
മഹാരാഷ്ട്രയിലെ മിനി നിയമസഭാ തെരഞ്ഞെടുപ്പ് എന്നു വിശേഷിപ്പിക്കപ്പെട്ട തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ എതിരാളികളെ അപ്രസക്തമാക്കിയ വിജയമാണ് ബിജെപിയുടേത്. പത്തില്‍ എട്ടു കോര്‍പ്പറേഷനുകളിലും മികച്ച വിജയം നേടിയ ബിജെപി മുംബൈയില്‍ ശിവസേനയ്ക്കു പിന്നില്‍ രണ്ടാമതെത്തി. ആകെയുള്ള 227 സീറ്റില്‍ എന്‍ഡിഎ സഖ്യത്തില്‍നിന്നു പിരിഞ്ഞു മത്സരിച്ച ശിവസേന 84 സീറ്റു നേടിയപ്പോള്‍ 80 സീറ്റുമായി തൊട്ടുപിന്നില്‍ ബിജെപിയെത്തി. ശിവസേനയുടെ ശക്തികേന്ദ്രമായ താനെയാണ് ബിജെപി പിന്നിലേക്കു പോയ മറ്റൊരു കോര്‍പ്പറേഷന്‍. കോണ്‍ഗ്രസ് രണ്ടു പതിറ്റാണ്ടിനിടയിലെ ദയനീയ പ്രകടനം കാഴ്ചവച്ചിടത്താണ് ബിജെപിയും ശിവസേനയും നേട്ടമുണ്ടാക്കിയത്. 
കഴിഞ്ഞയാഴ്ച നടന്ന ഒഡിഷ പഞ്ചായത്തു തെരഞ്ഞെടുപ്പിലും വന്‍ മുന്നേറ്റമായിരുന്നു ബിജെപിയുടേത്. 2012ല്‍ 36 സീറ്റു മാത്രം ഉണ്ടായിരുന്നത് ഇത്തവണ 306 ആയി ഉയര്‍ത്താന്‍ ബിജെപിക്കായി. ഭരണകക്ഷിയായ ബിജെഡിക്ക് 191 സീറ്റുകള്‍ നഷ്ടപ്പെട്ടപ്പോള്‍ ബിജെപിക്കു കൂടുതല്‍ കിട്ടിയത്ത 270 സീറ്റുകള്‍. ബിജെപി ഭരണത്തില്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ പോലും നേട്ടമുണ്ടാക്കുന്നത് ചൂണ്ടിക്കാട്ടി നോട്ട് അസാധുവാക്കല്‍ തെരഞ്ഞെടുപ്പു രംഗത്ത് ഗുണം ചെയ്യുന്നുണ്ടെന്നാണ് ബിജെപി നേതാക്കള്‍ ഇപ്പോള്‍ വാദിക്കുന്നത്.
ഇതിനു മുമ്പു നടന്ന ചണ്ഡിഗഡ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്, യുപി നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് എന്നിവയിലും ബിജെപി മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പുകളിലേതിനു സമാനമായ നേട്ടം അഞ്ചു സംസ്ഥാനങ്ങളിലേക്കു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി കൈവരിക്കുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടുന്നത്. അതോടെ നോട്ട് അസാധുവാക്കല്‍ നടപടിക്കെതിരായ വിമര്‍ശനങ്ങളുടെ മുനയൊടിയുമെന്നും അവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com