നിയമലംഘനം നടത്തിയ ബിജെപി നേതാവിനെതിരെ നിലപാടെടുത്ത പൊലീസ് ഉദ്യോഗസ്ഥയെ മാറ്റി യോഗി ആദിത്യനാഥ്

എംഎല്‍എമാരും എംപിമാരും ഉദ്യാഗസ്ഥയെ സ്ഥലം മാറ്റണമെന്ന നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവിട്ടത്
നിയമലംഘനം നടത്തിയ ബിജെപി നേതാവിനെതിരെ നിലപാടെടുത്ത പൊലീസ് ഉദ്യോഗസ്ഥയെ മാറ്റി യോഗി ആദിത്യനാഥ്

ലഖ്‌നോ: നടുറോഡില്‍ നിയമലംഘനം നടത്തിയ ബിജെപി പ്രവര്‍ത്തകരെ നിലയ്ക്കുനിര്‍ത്തിയ യുപിയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബുലന്ദ്ശ്വറിലെ സയാന സര്‍ക്കിളിലെ പൊലീസ് ഉദ്യോഗസ്ഥയായ ശ്രേഷ്ഠാ താക്കൂറിനേയാണ് സ്ഥലംമാറ്റിയത്. 

ബിജെപി നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടി. നിരവധി എംഎല്‍എമാരും എംപിമാരും ഉദ്യാഗസ്ഥയെ സ്ഥലം മാറ്റണമെന്ന നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവിട്ടത്. മുഖ്യമന്ത്രിക്കെതിരെയും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയും സഭ്യമല്ലാത്ത ഭാഷയിലാണ് പൊലീസ് ഉദ്യോസ്ഥ സംസാരിച്ചതെന്നാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ ആരോപണം. 

ജൂണ്‍ 22 നായിരുന്നു ബിജെപിയുടെ നേതാവായ പ്രമോദ് ലോധിയെ വേണ്ടത്ര രേഖകളില്ലാതെ വാഹനം ഓടിച്ചതിന്റെ പേരില്‍ പൊലീസ് പിടികൂടുന്നത്. ഇതേ തുടര്‍ന്ന് പൊലീസിനോട് അപമര്യാദയായി പെരുമാറിയ ലോധിയെ പൊലീസ്   അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസിനെതിരെ മുദ്രാവാക്യവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യതതിന് മുന്നില്‍ കീഴടങ്ങാന്‍ ശ്രേഷ്ഠ തയ്യാറായില്ല.  കൃത്യനിര്‍വഹണത്തിന് തടസം നിന്ന് അഞ്ച് പ്രവര്‍ത്തകരെ ജയിലില്‍ അടയ്ക്കുകയുംചെയ്തിരുന്നു.

നിങ്ങള്‍ ആദ്യം നിങ്ങളുടെ മുഖ്യമന്ത്രിയുടെ അടുത്തൂപോകൂ. എന്നിട്ട് വാഹനങ്ങള്‍ പരിശോധിക്കാന്‍ പൊലീസിന് അധികാരമില്ലെന്ന് എഴുതി വാങ്ങിക്കൊണ്ടുവരൂ. അല്ലാതെ ഞങ്ങള്‍ക്ക് ഞങ്ങളുടെ ജോലി ചെയ്യാതിരിക്കാന്‍ കഴിയില്ല. എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥയുടെ വാക്കുകള്‍. അര്‍ധരാത്രിയില്‍ പോലും കുടുംബം വിട്ട് തങ്ങള്‍ വരുന്നത് തമാശയ്ക്കല്ലെന്നും ജോലി ചെയ്യാനാണെന്നും ഉദ്യോഗസ്ഥ പറഞ്ഞിരുന്നു. നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ പാര്‍ട്ടിയുടെ പേര് മോശമാക്കുന്നതെന്നും ഉദ്യോഗസ്ഥ പറഞ്ഞിരുന്നു.

പ്രവര്‍ത്തകര്‍ക്ക് കണക്കിന് മറുപടി നല്‍കിയ വീഡിയോ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ഉദ്യോഗസ്ഥയുടെ നടപടിക്ക് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പിന്തുണയും ലഭിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com