യോഗിക്ക് സമ്മാനമായി 125 കിലോയുടെ സോപ്പ്; യുപിയില്‍ ദളിത് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

പത്രസമ്മേളനം നടന്നുകൊണ്ടിരിക്കുമ്പോഴാണ് അറസ്റ്റ്.
യോഗിക്ക് സമ്മാനമായി 125 കിലോയുടെ സോപ്പ്; യുപിയില്‍ ദളിത് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രതിഷേധ സൂചകമായി 125 കിലോയോളം ഭാരം വരുന്ന സോപ്പ് നല്‍കാനിരുന്ന ദളിത് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പത്രസമ്മേളനം നടന്നുകൊണ്ടിരിക്കുമ്പോള്‍ പ്രസ്‌ക്ലബില്‍ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

45 ദളിത് പ്രവര്‍ത്തകരാണ് യോഗി ആദിത്യനാഥിന് സോപ്പ് സമ്മാനമായി നല്‍കാനെത്തിയത്. ദളിതര്‍ക്കെതിരെയുള്ള മനോഭാവം ഈ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണമെന്ന ഉപദേശവും ഇവര്‍ മുന്നോട്ടു വെച്ചിരുന്നു. പക്ഷേ പ്രതിഷേധസൂചകമായ സോപ്പ് നല്‍കുന്നതിനു മുന്‍പേ ഇവര്‍ അറസ്റ്റിലായി. അനധികൃതമായി പ്രതിഷേധ റാലി നടത്താന്‍ ആസൂത്രണം ചെയ്തുവെന്നാണ് പോലീസ് ഇവര്‍ക്ക് മേല്‍ ആരോപിക്കുന്ന കുറ്റം.

അതേസമയം ദളിതര്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യാനും പത്രസമ്മേളനം നടത്താനുമാണ് ഇവര്‍ പ്രസ് ക്ലബിലെത്തിയതെന്നും മുഖ്യമന്ത്രിയെ കാണാനും പ്രതിഷേധ സൂചകമായി വലിയ സോപ്പ് നല്‍കാനും അവര്‍ തീരുമാനിച്ചിരുന്നതായും രമേഷ് ദിക്ഷിത്, രാം കുമാര്‍, എസ് ആര്‍ ദ്രൗപതി തുടങ്ങിയ പ്രവര്‍ത്തകര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിക്കാന്‍ ദളിത് വിഭാഗത്തില്‍പ്പെട്ട 50 പേരെ ലഖ്‌നൗവില്‍ എത്തുന്നത് തടയാന്‍ പോലീസ് ഝാന്‍സിയില്‍ നിന്ന് ഒഴിപ്പിച്ചിരുന്നു.

ഈ വര്‍ഷം മേയില്‍ ഉത്തര്‍ പ്രദേശിലെ കുശിനഗറിലെ ദളിത് ഭൂരിപക്ഷ മേഖല സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തുന്നതിന് മുന്നോടിയായി പ്രാദേശിക ഭരണകര്‍ത്താക്കള്‍ സോപ്പും ഷാംപുവും വിതരണം ചെയ്തത് വിവാദമായിട്ടുണ്ടായിരുന്നു. മുഖ്യമന്ത്രിയെ കാണുന്നതിന് മുമ്പ് കുളിച്ച് വ്യത്തിയായി വരാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com