ചൈനയുടെ മാത്രമല്ല ഭൂട്ടാന്‍ അംബാസഡറെയും രാഹുല്‍ കണ്ടു; കൂടിക്കാഴ്ചയില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ്

രാഹുല്‍ ചൈനീസ് അംബാസഡറുമായി ചര്‍ച്ച നടത്തിയതിനെതിരെ ബിജെപി രംഗത്ത് വന്നിരുന്നു
ചൈനയുടെ മാത്രമല്ല ഭൂട്ടാന്‍ അംബാസഡറെയും രാഹുല്‍ കണ്ടു; കൂടിക്കാഴ്ചയില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ്

ന്യുഡല്‍ഹി: സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചൈനീസ് അംബാസഡര്‍ ലുവോ സാവോഹുയിയുമായി കൂടിക്കാഴ്ച നടത്തിയത് സ്ഥിരീകരിച്ചു കോണ്‍ഗ്രസ്. ചൈനീസ് അംബാസഡറെ മാത്രമല്ല ഭൂട്ടാന്‍ അംബാസഡറെയും രാഹുല്‍ കണ്ടുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതായി ചൈനീസ് എംബസി ഔദ്യോഗിക വെബ്‌സൈറ്റില്‍ വാര്‍ത്ത നല്‍കിയിരുന്നുവെങ്കിലും കോണ്‍ഗ്രസ് വാര്‍ത്ത നിഷേധിച്ചിരന്നു. തൊട്ടുപിന്നാലെ ചൈനീസ് എംബസിയുടെ വെബ്‌സൈറ്റില്‍നിന്ന് ഈ പോസ്റ്റ് നീക്കം ചെയ്തു.

രാഹുല്‍ ചൈനീസ് അംബാസഡറുമായി ചര്‍ച്ച നടത്തിയതിനെതിരെ ബിജെപി രംഗത്ത് വന്നിരുന്നു.അതിന് പിന്നാലെയാണ് കോണ്‍ഗ്രസ് വിശദീകരണവുമായി രംഗത്തെത്തിയത്. ഇന്ത്യയും ചൈനയുമായി ഇപ്പോഴും നയതന്ത്ര ബന്ധം ഉണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വിറ്ററിലൂടെ പറഞ്ഞു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ചൈനീസ് അംബാസഡറെ കണ്ടെന്നു വച്ച് അതൊരു പ്രശ്‌നമാണെന്നു തോന്നുന്നില്ലെന്ന് പാര്‍ട്ടിയുടെ സാമൂഹ്യമാധ്യമ സെല്‍ മേധാവി രമ്യ പ്രതികരിച്ചു. 

ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പരസ്യ പ്രസ്താവന നടത്താത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ കഴിഞ്ഞയാഴ്ച രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ ചൈനീസ് അംബാസഡറെ കണ്ടത് വാര്‍ത്തയായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com