തോല്‍വികള്‍ക്ക് കാരണം വാസ്തു ദോഷമെന്ന് കോണ്‍ഗ്രസ്; ഇന്ദിരാഭവന്‍ പൊളിച്ചു പണിയും

കെട്ടിടത്തിന്റെ മൂന്നാം നിലയിലെ റെസ്റ്റ് റൂമുകള്‍ തെറ്റായ ദിശയിലേക്ക് തിരിഞ്ഞിരിക്കുന്നതാണ് പ്രശ്‌നം
തോല്‍വികള്‍ക്ക് കാരണം വാസ്തു ദോഷമെന്ന് കോണ്‍ഗ്രസ്; ഇന്ദിരാഭവന്‍ പൊളിച്ചു പണിയും

ഭോപ്പാല്‍: 14 വര്‍ഷമായി മധ്യപ്രദേശില്‍ അധികാരത്തിലെത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല. തുടര്‍ച്ചയായി ഉണ്ടാകുന്ന തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം പാര്‍ട്ടി ഇപ്പോള്‍ കണ്ടെത്തി. 

ജനങ്ങള്‍ പാര്‍ട്ടിക്ക് എതിരായി നിലപാടെടുക്കുന്നത് അല്ല, വാസ്തു ദോഷമാണ് മധ്യപ്രദേശില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുന്നത് എന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. വാസ്തു വിദഗ്ധനാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആസ്ഥാനമായ ഇന്ദിരാ ഭവന്‍ കെട്ടിടത്തിന്റെ വാസ്തു ദോഷങ്ങള്‍ ചൂണ്ടിക്കാണിച്ചത്. 

കെട്ടിടത്തിന്റെ മൂന്നാം നിലയിലെ റെസ്റ്റ് റൂമുകള്‍ തെറ്റായ ദിശയിലേക്ക് തിരിഞ്ഞിരിക്കുന്നതാണ് പ്രശ്‌നം. കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന റെസ്റ്റ് റൂമുകള്‍ പൊളിച്ചു പണിയാനാണ് വാസ്തു വിദഗ്ധന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. 

അടുത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിച്ച് വിജയം നേടുന്നതിന് പാര്‍ട്ടിക്ക് ജനങ്ങളുടെ പിന്തുണ വേണം. എന്നാല്‍ വാസ്തുപരമായ മാറ്റങ്ങള്‍ കൂടി വരുത്തി എല്ലാ ഘടകവും അനുകൂലമാക്കാനാണ് തങ്ങളുടെ ശ്രമമെന്ന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് വക്താവ് കെ.കെ.മിശ്ര പറയുന്നു. 

വാസ്തു ദോഷം എന്നത് തെറ്റാണെന്ന് പറയാന്‍ തങ്ങള്‍ക്കാകില്ല. ഇത് അന്ധവിശ്വാസവും അല്ല. മതത്തില്‍ വിശ്വസിക്കുന്നവരാണ് ഞങ്ങളെന്നും കോണ്‍ഗ്രസ് വക്താവ് പറയുന്നു. 

കോണ്‍ഗ്രസിന്റെ നീക്കം തെറ്റാണെന്ന് പറയാന്‍ സാധിക്കില്ലെന്നാണ് മധ്യപ്രദേശിലെ ബിജെപി ഘടകവും പറയുന്നത്.വാസ്തു വേദിക് ശാസ്ത്രമാണെന്നുമാണ് ബിജെപി വക്താവിന്റെ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com