സമ്പന്നരുടെ വാഹനങ്ങള്‍ മാത്രം മോഷ്ടിച്ച് സാമൂഹ്യപ്രവര്‍ത്തനം നടത്തുന്ന ബീഹാറി യുവാവ് അറസ്റ്റില്‍

പണക്കാരുടെ സമ്പത്ത് മാത്രം മോഷ്ടിക്കുകയും ഗ്രാമീണരായ ദരിദ്രര്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുന്ന സാമൂഹ്യപ്രവര്‍ത്തകനായ 27കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇര്‍ഫാന്‍
ഇര്‍ഫാന്‍

ഡെല്‍ഹി: പണക്കാരുടെ സമ്പത്ത് മാത്രം മോഷ്ടിക്കുകയും ഗ്രാമീണരായ ദരിദ്രര്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുന്ന സാമൂഹ്യപ്രവര്‍ത്തകനായ 27കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നാടോടിക്കഥകളിലെ നായകനായ റോബിന്‍ഹുഡിനെയും കായംകുളം കൊച്ചുണ്ണിയേയുമൊക്കെപ്പോലെ മോഷണം നടത്തിവന്ന ഇര്‍ഫാന്‍ എന്ന യുവാവാണ് അറസ്റ്റിലായത്. ബീഹാര്‍ സ്വദേശിയായ ഇദ്ദേഹം ദേസി റോബിന്‍ഹുഡ് എന്ന പേരിലാണ് അറിയപ്പെടുന്നതുപോലും.

ദില്ലിയിലെ സമ്പന്ന കുടുംബങ്ങളില്‍ നിന്നും വിലകൂടിയ വസ്തുക്കള്‍ മോഷ്ടിച്ചുണ്ടാക്കിയ പണമുപയോഗിച്ച് ബീഹാറിലെ വിവിധ ഗ്രാമങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകളും, എട്ടോളം നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹവും ഇയാള്‍ ഇതുവരെ നടത്തി കൊടുത്തു. സാമൂഹ്യ പ്രവര്‍ത്തനത്തിനായി പണം നല്‍കുമ്പോളും തന്റെ അക്കൗണ്ടിലേക്കും ഒരംശം നീക്കി വെച്ചതാണ് ഇര്‍ഫാനെ പൊലീസ് പിടികൂടാന്‍ കാരണമായത്. എല്ലാവര്‍ക്കും പ്രിയപ്പെട്ടയാളായ ഇയാളെ ഉജാല ബാബു എന്നാണ് ഗ്രാമവാസികള്‍ സ്‌നേഹപൂര്‍വം വിളിക്കുന്നത്.

അഞ്ചാം ക്ലാസില്‍ പഠനം നിര്‍ത്തിയ ഇര്‍ഫാന്‍ ഡല്‍ഹിയില്‍ മാത്രം നടത്തിയത് 12 കൊള്ളകളാണ്. ദില്ലിയിലെ സമ്പന്നരുടെ വീടുകളില്‍ നിന്നും ആഡംബര കാറുകളടക്കം അനേകം വസ്തുക്കള്‍ മോഷ്ടിച്ചിരുന്നു. ഇത് വിറ്റ് കിട്ടുന്ന പണം കൊണ്ട് പൊതുപ്രവര്‍ത്തനത്തിന് പുറമെ റോളക്‌സ് വാച്ചുകള്‍ മേടിച്ച് കൂട്ടുകയും, ദിവസങ്ങള്‍ക്ക് മുന്‍പ് ഹോണ്ട സിവിക്ക് കാര്‍ മേടിക്കുകയും ചെയ്തു. ഇര്‍ഫാന്റെ അറസ്റ്റ് വാര്‍ത്ത ഗ്രാമവാസികളില്‍ ഞെട്ടലുണ്ടാക്കി. പോലീസ് പറഞ്ഞ കഥകള്‍ വിശ്വസിക്കാന്‍ ആദ്യമൊന്നും ഗ്രാമവാസികള്‍ തയ്യാറായില്ല. 

ഗ്രാമവാസികള്‍ക്കായി ഇയാള്‍ ധാരാളം നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. നാലു വര്‍ഷം മുന്‍പ് ജോലി തേടി ഡല്‍ഹിയിലേയ്ക്കു പോയ ഇര്‍ഫാന്‍, പിന്നീട് സമ്പന്നനായാണ് ഗ്രാമത്തില്‍ തിരിച്ചെത്തിയത്. അതിനു ശേഷമാണ് സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. 

കൂടാതെ മോഷണ മുതല്‍ വിറ്റ് കിട്ടുന്ന പണം കൊണ്ട് ദില്ലിയിലെ മുന്തിയ ഹോട്ടലുകളിലും, ക്ലബുകളിലും ഇയാള്‍ പണമൊഴുക്കി പാര്‍ട്ടി നടത്തിയെന്നും പൊലീസ് കണ്ടെത്തി. ഡല്‍ഹിയിലെയും മുംബൈയിലെയും ബാറുകളിലും ക്ലബ്ബുകളിലും പതിവുകാരനാണ് ഇര്‍ഫാന്‍ എന്ന് ഡല്‍ഹി പോലീസ് മേധാവി റോമില്‍ ബനിയ വെളിപ്പെടുത്തി. വന്‍കിട ഹോട്ടലുകളിലാണ് ഇര്‍ഫാന്‍ ജീവിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com