ഇന്ത്യയിലെ ജയിലുകളും മികച്ചത്: വിജയ് മല്യ ഇവിടെ കഷ്ടപ്പെടില്ലെന്ന് ബ്രിട്ടനോട് ഇന്ത്യ

ഇന്ത്യയിലെ ജയിലുകളെല്ലാം യൂറോപ്പിലേതിപോലെ ഉയര്‍ന്ന നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ടെന്നും വിജയ് മല്യയ്ക്കിവിടെ മികച്ച പരിചരണം ലഭിക്കുമെന്നും ബ്രിട്ടീഷ് അധികൃതരോട് ഇന്ത്യ വ്യക്തമാക്കി.
ഇന്ത്യയിലെ ജയിലുകളും മികച്ചത്: വിജയ് മല്യ ഇവിടെ കഷ്ടപ്പെടില്ലെന്ന് ബ്രിട്ടനോട് ഇന്ത്യ

ലണ്ടന്‍: ഇന്ത്യയിലെ ജയിലുകളെല്ലാം യൂറോപ്പിലേതിപോലെ ഉയര്‍ന്ന നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ടെന്നും വിജയ് മല്യയ്ക്കിവിടെ മികച്ച പരിചരണം ലഭിക്കുമെന്നും ബ്രിട്ടീഷ് അധികൃതരോട് ഇന്ത്യ വ്യക്തമാക്കി. വിജയ് മല്യയെ ബ്രിട്ടനില്‍ നിന്ന് വിട്ടുകിട്ടാന്‍ വേണ്ടി ചര്‍ച്ചകള്‍ നടത്താനെത്തിയ ഇന്ത്യന്‍ സംഘമാണ് ഇന്ത്യയുടെ ജയിലുകളുടെ നിലവാരം ഉയര്‍ന്നതായും വിജയ് മല്യ അടക്കമുള്ള തടവുകാര്‍ക്ക് അവിടെ മികച്ച സൗകര്യങ്ങള്‍ ലഭിക്കുമെന്നും അറിയിച്ചത്.

9000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തിയാണ് വിജയ് മല്യ ബ്രിട്ടണിലേക്ക് മുങ്ങിയത്. ഇന്ത്യന്‍ ജയിലുകളിലെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ പേരില്‍ വിദേശങ്ങളില്‍ പിടിയിലാകുന്നവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കാറുള്ളത്. തങ്ങളെ വിചാരണയ്ക്ക് അയക്കാതിരിക്കാന്‍ അവര്‍ പറയുന്ന ന്യായീകരണങ്ങളിലൊന്നാണിത്. 

ബ്രിട്ടണിലുള്ള മല്യയെ ഇന്ത്യയില്‍ വിചാരണ ചെയ്യാനായി ബ്രിട്ടനുമായി ചര്‍ച്ചകള്‍ നടത്തുന്നതിന് ഇന്ത്യ പ്രത്യേകസമിതിയ്ക്ക് രൂപം നല്‍കിയിരുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മഹര്‍ഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബ്രിട്ടനുമായി മല്യയെ തിരിച്ചുകൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ നടത്തുന്നത്. കഴിഞ്ഞ ഏപ്രിലില്‍ സ്‌കോട്ട്‌ലാന്റ് യാഡ് പൊലീസ് സംഘം മല്യയെ അറസ്റ്റുചെയ്‌തെങ്കിലും വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി അന്നുതന്നെ മല്യക്ക് ജാമ്യം നല്‍കിയിരുന്നു. 

കഴിഞ്ഞ ദിവസം രാജീവ് മഹര്‍ഷിയും സംഘവും ബ്രിട്ടീഷ് ആഭ്യന്തരസെക്രട്ടറി പാറ്റ്‌സി വില്‍കിന്‍സണുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യന്‍ ജയിലുകളുടെ നിലവാരം യൂറോപ്യന്‍ ജയിലുകളുടേത് പോലെ ഉയര്‍ന്നതായും ഇതിന്റെ പേരില്‍ മല്യയെ ഇന്ത്യയിലേക്ക് അയക്കുന്നത് തടയരുതെന്നുമുള്ള ഇന്ത്യയുടെ ആവശ്യം ഉന്നയിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com