സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രം; എതിര്‍പ്പുമായി കേരളം

സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രം; എതിര്‍പ്പുമായി കേരളം

ന്യൂഡല്‍ഹി: നഗരപ്രദേശങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യവത്കരിക്കാന്‍ പദ്ധതി തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍. ജില്ലാ ആശുപത്രികളുടെ ആസ്തികളും സൗകര്യങ്ങളും ഉപയോഗിക്കാന്‍ സ്വകാര്യമേഖലയ്ക്ക് അനുമതി നല്‍കുന്നതിനുള്ള കരാറിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി.നീതി ആയോഗും ആരോഗ്യ മന്ത്രാലയവും തയ്യാറാക്കിയ കരാറിന്റെ കരടിന്‍മേല്‍ കേന്ദ്രം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി.

ജില്ലാ ആശുപത്രികളുടെ സ്വത്തു വകകള്‍ 30വര്‍ഷത്തേക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് പാട്ടത്തിന് നല്‍കുന്നതാണ് കരാര്‍. എട്ട് വലിയ മെട്രോപോളിറ്റന്‍ നഗരങ്ങളിലേത് ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കാനാണ് നീക്കം.പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാകും നടപ്പാക്കുക. 

എന്നാല്‍ പൊതുമേഖല ആരോഗ്യ കേന്ദ്രങ്ങള്‍ തകര്‍ക്കാനുള്ള കേന്ദ്ര നയം തള്ളിക്കളയുന്നതായി കേരള സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മികച്ച സര്‍ക്കാര്‍ ആശുപത്രികളുള്ള സംസ്ഥാനത്ത് അവ സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുക്കാന്‍ ഉദ്ദേശിച്ചിട്ടില്ല.സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനു ശ്രമങ്ങളാണ് വേണ്ടത്. അല്ലാതെ സ്വകാര്യ മേഖലയ്ക്ക് ഭൂമിയും സൗകര്യങ്ങളും നല്‍കുകയല്ല. ഇത് സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ മാത്രമേ വഴിയൊരുക്കൂവെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. 

സര്‍ക്കാര്‍ ആശുപത്രികളുടെ സ്ഥലത്ത് 50 മുതല്‍ 100 വരെ കിടക്കകളുള്ള ആശുപത്രികളാണ് സ്വകാര്യ ഉടമസ്ഥതയില്‍ അനുവദിക്കുക. പുതിയ ആശുപത്രികള്‍ അനുവദിക്കാന്‍ സംസസ്ഥാന സര്‍ക്കാര്‍ ഫണ്ടനുവദിക്കുകയും വേണം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ആളുകള്‍ സ്വകാര്യ ആശുപത്രികളിലേക്ക് എത്തുന്നത് ജില്ലാ ആശുപത്രി അധികാരികള്‍ ഉറപ്പാക്കണം. 

സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിര്‍ദേശിച്ചിട്ടുള്ള തുകയെക്കാള്‍ കൂടുതല്‍ ഈ ആശുപത്രികള്‍ ഈടാക്കരുത്.ഇന്‍ഷുറന്‍സുള്ള രോഗികള്‍ക്ക് ആശുപത്രികളുടെ സേവനം ഉപയോഗിക്കാമെങ്കിലും സൗജന്യനിരക്കില്‍ കിടക്കകള്‍ മുന്‍കൂട്ടി ഉറപ്പിക്കാന്‍ സാധിക്കില്ല. ഇന്‍ഷുറന്‍സഇല്ലാത്തവര്‍ മുഴുവന്‍ തുകയും നല്‍കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com