ഗൂര്‍ഖ ജനമുക്തി മോര്‍ച്ച മാവോയിസ്റ്റ് പിന്തുണയോടെ സായുധ പോരാട്ടത്തിനൊരുങ്ങുന്നുവെന്ന് പോലീസ്

അയല്‍ രാജ്യങ്ങളില്‍ നിന്ന് മാവോവാദികളെ വരുത്തിയാണ് സംഘാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതെന്നാണ് പോലീസ് ആരോപിക്കുന്നത്. 
ഗൂര്‍ഖ ജനമുക്തി മോര്‍ച്ച മാവോയിസ്റ്റ് പിന്തുണയോടെ സായുധ പോരാട്ടത്തിനൊരുങ്ങുന്നുവെന്ന് പോലീസ്

ഡാര്‍ജലിങ്: പശ്ചിമബംഗാളിലെ ഗൂര്‍ഖാ പ്രക്ഷോഭത്തിന് വേണ്ടി ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചയ്ക്ക് അയല്‍ രാജ്യത്തെ മാവോയിസ്റ്റുകളുടെ സഹായം ലഭിച്ചിച്ചിട്ടുണ്ടെന്ന് പശ്ചിമ ബംഗാള്‍ പോലീസിന്റെ ആരോപണം. അയല്‍ രാജ്യങ്ങളില്‍ നിന്ന് മാവോവാദികളെ വരുത്തിയാണ് സംഘാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതെന്നാണ് പോലീസ് ആരോപിക്കുന്നത്. 

ഇതുസംബന്ധിച്ച രഹസ്യ വിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതായി അഡീഷണല്‍ ക്രമസമാധാന ചുമതലയുള്ള ഡയറക്ടര്‍ ജനറല്‍ അനുജ് ശര്‍മ്മ പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നതെന്നാണ് ആരോപണം.

എന്നാല്‍ മാവോയിസ്റ്റുകളുടെ സഹായം തേടിയെന്ന സര്‍ക്കാര്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയ ജനമുക്തി മോര്‍ച്ച ഇക്കാര്യം തള്ളിക്കളഞ്ഞിട്ടുണ്ട്. തങ്ങളുടെ പ്രസ്ഥാനത്തെ തകര്‍ക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനുമാണെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി റോഷന്‍ ഗിരി പ്രതികരിച്ചു.

പശ്ചിമ ബംഗാള്‍ വിഭജിച്ച് ഡാര്‍ജലിങ് കേന്ദ്രമായി ഗൂര്‍ഖാലാന്റ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം. ഗൂര്‍ഖാലാന്റ് ജനമുക്തി മോര്‍ച്ചയുടെ നേതൃത്വത്തില്‍ നേപ്പാളി സംസാരിക്കുന്ന ഡാര്‍ജിലിങ്ങിലെ ജനങ്ങള്‍ 1907 മുതല്‍ ഉയര്‍ത്തുന്നതാണ് ഗൂര്‍ഖാലന്റ് എന്ന ആവശ്യം. ഡാര്‍ജിലിങ്ങിലുള്‍പ്പെടെ ബംഗാളി ഭാഷ നിര്‍ബന്ധമാക്കണം എന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞതോടെയാണ് ഗൂര്‍ഖാലാന്റ് പ്രക്ഷോഭം ഒന്നുകൂടി ശക്തമായത്. 

ഡാര്‍ജിലിങ്ങിലെ നേപ്പാളി സംസാരിക്കുന്നവര്‍ ഇന്ത്യയുടെ മുഖ്യധാരയിലേക്ക് പ്രവേശിച്ചാല്‍ അവരെ നേപ്പാളികള്‍ എന്നാണ് വിളിക്കുക. ഡാര്‍ജിലിങ്ങിലെ നേപ്പാള്‍ സംസാരിക്കുന്ന ജനങ്ങള്‍ക്ക് അവരെ ഗൂര്‍ഖകള്‍ ആയി പരിഗണിക്കുന്നതും അങ്ങനെ വിളിക്കപ്പെടുന്നതുമാണ് താല്‍പര്യം. അവര്‍ സ്വപ്‌നം കാണുന്ന ഗൂര്‍ഖാലാന്റ് സ്വദേശികള്‍ ആയി അവരെ പരിഗണിക്കുക എന്ന് നിരന്തര സമരവുമായാണ് അവര്‍ ഇന്ത്യയില്‍ ഇടപെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com