കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് അമിത് ഷായുടെ ആസ്തി വര്‍ധിച്ചത് 300 ശതമാനം

 അമിത് ഷായുടെ ആസ്തി 1.90 കോടിയില്‍ നിന്ന് 19 കോടിയായിട്ടാണ് ഇപ്പോള്‍ ഉയര്‍ന്നത്
കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് അമിത് ഷായുടെ ആസ്തി വര്‍ധിച്ചത് 300 ശതമാനം

ന്യുഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ആസ്തി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വര്‍ധിച്ചത് മുന്നൂറ് ശതമാനം. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതാക്കള്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരങ്ങളുടെ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.  അമിത് ഷായുടെ ആസ്തി 1.90 കോടിയില്‍ നിന്ന് 19 കോടിയായിട്ടാണ് ഇപ്പോള്‍ ഉയര്‍ന്നത്. അതില്‍ പാരമ്പര്യമായി തനിക്ക് 10.38 കോടിയുടെ ആസ്തി ഉള്ളതായിട്ടാണ് ഷാ കാണിച്ചിരിക്കുന്നത്. ഷായുടെയും ഭാര്യയുടെയും പേരില്‍ 2012 നെ അപേക്ഷിച്ച് നോക്കുമ്പോള്‍ മുന്നൂറു ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 2012 ല്‍ 8.54 കോടി രൂപയുടെ സ്ഥാവര ജംഗമ ആസ്തിയുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ആസ്തി ഇപ്പോള്‍ 34.31 കോടി രൂപയായാണ് വര്‍ധിച്ചിരിക്കുന്നത്.

അമിത് ഷാ, സ്മൃതി ഇറാനി, ബല്‍വന്ത് സിങ് രാജ്പുത് എന്നിവര്‍ രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് കഴിഞ്ഞ ദിവസം നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നു. ഇതിനോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തുവിവരകണക്കുകള്‍ ഉള്ളത്. 

കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ സംബന്ധമായ രേഖകളില്‍ ഡിഗ്രി കോഴ്‌സ് ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് കാണിച്ചിരിക്കുന്നത് . എന്നാല്‍ സ്മൃതി, 2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലത്തില്‍,ഡല്‍ഹി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് കറസ്‌പോണ്ടന്‍സില്‍ നിന്ന് 1994 ല്‍ ബി കോം കരസ്ഥമാക്കിയിരുന്നു എന്നാണ് സൂചിപ്പിച്ചിരുന്നത്. ഇക്കാര്യവുമായി ബന്ധപെട്ട് നിയമപരമായി നിരവധി കേസുകള്‍ ആണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മൂന്ന് വര്‍ഷത്തെ ബിരുദ പഠനം പൂര്‍ത്തിയായിട്ടില്ലെന്ന് അവര്‍ സൂചിപ്പിക്കുന്നത്.

അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പി യിലേക്ക് വന്ന ബല്‍വന്ത് സിംഗ് രജ്പുതിനെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളില്‍ ഏറ്റവും ധനികനായ ഒരാളായിരിക്കും ബല്‍വന്ത്. 2012 263 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്താണ് ഇദ്ദേഹം സ്വന്തമാക്കിയത്.എങ്കില്‍ 2017 ആയപ്പോഴേക്കും ഇത് 316 കോടിയായി ആണ് ഉയര്‍ന്നിരിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയും ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേലിന്റെ സ്വത്തു വിവരവും പുറത്തു വിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം 15,10,147 രൂപയാണ്. ഭാര്യയുടെ വാര്‍ഷിക വരുമാനം 20,15,900 രൂപയാണ്. 2011ലെ കണക്കുമായി പട്ടേലിന്റെ ഇപ്പോഴത്തെ ആസ്തി താരതമ്യം ചെയ്താല്‍ കാര്യമായ വര്‍ധനവാണ് കാണിക്കുന്നത്.പട്ടേലിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും സ്ഥാവര ജംഗമ സ്വത്തുക്കളില്‍ 2011 മുതല്‍ ഉള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇപ്പോള്‍ അത് 123 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com