ബീഫ് കഴിക്കുന്ന നിന്നെ കൊല്ലും എന്ന് പറഞ്ഞ് ആക്രമിച്ചു;കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു, ഐഐടിയിലെ അക്രമം തുറന്നുപറഞ്ഞ് സൂരജ് 

തലയ്ക്ക് പുറകിലാണ് ആദ്യം അടിച്ചത്. വീണുപോയ ഞാന്‍ എഴുന്നേറ്റപ്പോഴേക്കും മുടിക്ക് കുത്തിപ്പിടിച്ച് ഭിത്തിയിലടിച്ചു
ബീഫ് കഴിക്കുന്ന നിന്നെ കൊല്ലും എന്ന് പറഞ്ഞ് ആക്രമിച്ചു;കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു, ഐഐടിയിലെ അക്രമം തുറന്നുപറഞ്ഞ് സൂരജ് 

ചെന്നൈ ഐഐടിയില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തി എന്ന പേരില്‍  അക്രമമേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുന്ന സൂരജ് തന്റെ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന വെളിപ്പെടുത്തലുമായി രംഗത്ത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് സംഭവം നടന്നതിനെപ്പറ്റിയും ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയും സൂരജ് പറഞ്ഞിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കേസ് അട്ടിമറിക്കപ്പെടുമോ എന്ന ഭയം തനിക്കുണ്ടെന്നും നിര്‍ണായകമായ പല കാര്യങ്ങളും വിട്ടു കളഞ്ഞു കൊണ്ടാണ് പോലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നതെന്നും ഫേസ്ബുക് വീഡിയോയിലൂടെ സൂരജ് പറയുന്നത്. 

ഐഐടിയിലെ വെജിറ്റേറിയന്‍ മെസ്സില്‍ സുഹൃത്തിനൊപ്പം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോളാണ് മനീഷ് അടുത്തേക്ക് വന്നത്,അതിന് മുന്‍പ് അയാളെ എനിക്ക് അറിയില്ലായിരുന്നു.അടുത്ത് വന്നിരുന്ന മനീഷ് എന്റെ കുറിച്ചുള്ള കാര്യങ്ങള്‍ എല്ലാം ചോദിച്ചറിഞ്ഞു. താന്‍ ഭക്ഷണം കഴിച്ചു കൊണ്ടു തന്നെ ഇതിനെല്ലാം മറുപടി നല്‍കി.തൊട്ടു മുന്‍പ് നടന്ന ബീഫ് ഫെസ്റ്റിവലില്‍ താന്‍ പെങ്കെടുത്തിരുന്നുവോ എന്നായിരുന്നു അടുത്ത ചോദ്യം അതിനും ഉണ്ടെന്ന് മറുപടി നല്‍കിയതോടെ മനീഷ് പ്രകോപിതനായി. ബീഫ് കഴിക്കുന്ന നിന്നെ ഞാന്‍ കൊല്ലും എന്ന് പറഞ്ഞായിരുന്നു ആക്രമം. തലയ്ക്ക് പുറകിലാണ് ആദ്യം അടിച്ചത്. വീണുപോയ ഞാന്‍ എഴുന്നേറ്റപ്പോഴേക്കും മുടിക്ക് കുത്തിപ്പിടിച്ച് ഭിത്തിയിലടിച്ചു. തടയാനെത്തിയ സുഹൃത്തുക്കളെ മനീഷിന്റെ സുഹൃത്തുക്കള്‍ തടഞ്ഞുവെച്ച് മര്‍ദ്ദിച്ചു. സൂരജ് ഫേസ്ബുക്ക് വീഡിയോയിലൂടെ പറയുന്നു. 

എന്നാല്‍ ഐഐടി ക്യാംപസിലെ ജെയ്ന്‍ കാന്റീനിലേക്ക്(വെജിറ്റേറിയന്‍) വന്ന സൂരജ് ഉത്തരേന്ത്യക്കാരായ വിദ്യാര്‍ഥികളോട് ബീഫ് കഴിക്കാന്‍ ആവശ്യപ്പെട്ടെന്നും ഇതു തടയാന്‍ ശ്രമിച്ചപ്പോള്‍ മനീഷിനെ സൂരജും കൂട്ടരും മര്‍ദ്ദിക്കുകയായിരുന്നു എന്നുമാണ് മനീഷിന്റെ കൂട്ടുകാര്‍ പറയുന്നത്. മനീഷിപ്പോള്‍ കൈയ്ക്ക് പ്ലാസ്റ്ററിട്ട് ആശുപത്രിയിലാണ്. 

എന്നാല്‍ കൗണ്ടര്‍ കേസിന് വേണ്ടി മാത്രമാണ് മനീഷ് ആശുപത്രിയില്‍ കിടക്കുന്നതെന്നാണ് മലയാളി വിദ്യാര്‍ഥികള്‍ പറയുന്നത്. സൂരജിന് മര്‍ദ്ദനമേറ്റ ശേഷം മനീഷ് ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ മലയാശി വിദ്യാര്‍ത്ഥികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. 
അതേസമയം സൂരജിന്റെ ചികിത്സാ ചിലവ് വഹിക്കുമെന്ന് ഐഐടി ഡയറക്ടര്‍ ഭാസ്‌കര്‍ രാമമൂര്‍ത്തി അറിയിച്ചു. സൂരജിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളുനായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം ഉറപ്പു നല്‍കിയിരിക്കുന്നത്. സൂരജിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കൃത്യാമയ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികല്‍ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com