ഗര്‍ഭിണിയായ മുസ്ലീം പെണ്‍കുട്ടിയെ പച്ചയ്ക്ക് ചുട്ടുകൊന്നു; കര്‍ണ്ണാടകയില്‍ ദുരഭിമാനക്കൊല

ദളിത് യുവാവിനെ പ്രണയിച്ച കുറ്റത്തിന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍തന്നെയാണ് ഈ അരുംകൊല നടത്തിയത്
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

ബിജാപൂര്: ഗര്‍ഭിണിയായ മുസ്ലീം പെണ്‍കുട്ടിയെ ബന്ധുക്കള്‍ പച്ചയ്ക്ക് ചുട്ടുകൊന്നു. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത് കര്‍ണ്ണാടകയിലെ ബിജാപൂര്‍ ജില്ലയിലെ ഗുണ്ടകനാലയില്‍. ദളിത് യുവാവിനെ പ്രണയിച്ച കുറ്റത്തിന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍തന്നെയാണ് ഈ അരുംകൊല നടത്തിയത്.
ഭാനു ബീഗം എന്ന 21 വയസ്സുകാരിയ്ക്കാണ് ഈ ദുരന്തം സംഭവിച്ചത്. അതേ ഗ്രാമത്തിലുള്ള 24 വയസ്സുള്ള സായബന്ന ശരണപ്പ കൊന്നൂരിനെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് ബന്ധുക്കളെ ചൊടിപ്പിച്ചത്.
ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇക്കാര്യം കുടുംബത്തില്‍ മറച്ചുവയ്ക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ജനുവരി 22ന് ബാനുവിന്റെ കുടുംബക്കാര്‍ ഈ ബന്ധം അറിഞ്ഞതിനെത്തുടര്‍ന്ന് സായബന്നയെ മൃഗീയമായി മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് ബാനുവിനെയും കൊണ്ട് പോലീസ് സ്‌റ്റേഷനിലെത്തി പരാതി കൊടുക്കാനും ബന്ധുക്കള്‍ ശ്രമിച്ചു. പോസ്‌കോ നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു അവരുടെ ആവശ്യം. പ്രായപൂര്‍ത്തിയായിട്ടില്ലെന്നു കാണിച്ചാണ് പോലീസില്‍ പരാതി നല്‍കിയത്.
ജനുവരി 24ന് ബാനുവും സായബന്നയും നാടുവിടുകയും ഗോവയില്‍ എത്തി വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
ഭാനു ഗര്‍ഭിണിയായവേളയില്‍, ഇതറിഞ്ഞാല്‍ വീട്ടുകാര്‍ സമ്മതിക്കുമെന്ന ധാരണയില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച അവര്‍ തിരികെ സ്വന്തം ഗ്രാമത്തിലേക്ക് എത്തിയതായിരുന്നു. എന്നാല്‍ ഇരുവരുടെയും വിവാഹത്തെ എതിര്‍ത്ത ബന്ധുക്കള്‍ അതിക്രൂരമായി ഇരുവരെയും മര്‍ദ്ദിക്കാന്‍ തുടങ്ങി. അവര്‍ക്കിടയില്‍നിന്നും രക്ഷപ്പെട്ട സായബന്ന തൊട്ടടുത്ത അയല്‍പക്കങ്ങളിലേക്ക് സഹായമഭ്യര്‍ത്ഥിച്ച് എത്തിയെങ്കിലും ആരും സഹായിക്കാനുണ്ടായില്ല. ഉടന്‍ തായ്‌കോട്ട് പോലീസ് സ്‌റ്റേഷനിലെത്തി വിവരം പറയുകയായിരുന്നുവെന്ന് തായ്‌കോട്ട് ഡിവൈഎസ്പി പി.കെ. പാട്ടീല്‍ പറയുന്നു.
ഗുരുതരമായ മുറിവുകളോടെയാണ് സായബന്ന പോലീസ് സ്‌റ്റേഷനിലേക്കെത്തിയതെന്നും ഉടനെതന്നെ പോലീസുകാര്‍ ഭാനുവിന്റെ വീട്ടിലേക്കെത്തിയെങ്കിലും അപ്പോഴേക്കും ഭാനുവിനെ ബന്ധുക്കള്‍ തീയിലേക്ക് എറിഞ്ഞിരുന്നു. സായബന്നയും ആ തീയിലേക്ക് എടുത്തുചാടാന്‍ ശ്രമിച്ചെങ്കിലും പോലീസ് രക്ഷിച്ചെടുക്കുകയായിരുന്നുവെന്നും ഡിവൈഎസ്പി പറഞ്ഞു.
ഞായറാഴ്ച ഭാനുവിന്റെ അമ്മ, സഹോദരന്‍, സഹോദരി തുടങ്ങിയവരെ അറസ്റ്റുചെയ്തു. പലതവണ തീയില്‍നിന്നും കുതറിമാറാന്‍ ശ്രമിച്ചപ്പോഴും ഭാനുവിനെ തീയിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് അവര്‍ ഒട്ടും ദു:ഖമില്ലാതെ മൊഴി നല്‍കിയതായാണ് പോലീസ് പറയുന്നത്. ഭാനുവിന്റെ രണ്ട് സഹോദരന്മാരും സഹോദരിമാരും ഇപ്പോഴും ഒളിവിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com