സിപിഎം പോളിറ്റ്ബ്യൂറോ യോഗം ഇന്ന്; യെച്ചൂരിയുടെ സ്ഥാനാര്‍ഥിത്വവും ചര്‍ച്ചയാകും

യെച്ചൂരിയെ രാജ്യസഭാ സ്ഥാനാര്‍ഥി ആക്കണമെന്നുള്ള ബംഗാള്‍ പാര്‍ട്ടി ഘടകത്തിന്റെ പ്രമേയമായിരിക്കും പിബിയുടെ പരിഗണനയ്ക്ക് വരിക
സിപിഎം പോളിറ്റ്ബ്യൂറോ യോഗം ഇന്ന്; യെച്ചൂരിയുടെ സ്ഥാനാര്‍ഥിത്വവും ചര്‍ച്ചയാകും

ന്യൂഡല്‍ഹി: രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സിപിഎം പോളിറ്റ്ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിത്വം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പിബിയുടെ പരിഗണനയ്ക്ക് വരും. 

യെച്ചൂരിയെ രാജ്യസഭാ സ്ഥാനാര്‍ഥി ആക്കണമെന്നുള്ള ബംഗാള്‍ പാര്‍ട്ടി ഘടകത്തിന്റെ പ്രമേയമായിരിക്കും പിബിയുടെ പരിഗണനയ്ക്ക് വരിക. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകളും പിബി യോഗം ചര്‍ച്ച ചെയ്യും. 

പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പാര്‍ലമെന്റ് സ്ഥാനത്തിനായി മത്സരിക്കുന്ന  കീഴ് വഴക്കം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രകാശ് കാരാട്ടും, കേരള ഘടകവും യെച്ചൂരിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ  നിലപാടെടുക്കുന്നത്. രണ്ടില്‍ കൂടുതല്‍ തവണ പാര്‍ലമെന്റ് അംഗത്വത്തിനായി മത്സരിക്കുന്ന പതിവില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

എന്നാല്‍ തന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് യെച്ചൂരി നേരത്തെ വ്യക്തമാക്കിയിരുന്നു. യെച്ചൂരിയെ സ്ഥാനാര്‍ഥിയാക്കണമെന്ന ഉറച്ച നിലപാടിലാണ് ബംഗാള്‍ ഘടകം. യെച്ചൂരി മത്സരിച്ചില്ലെങ്കില്‍ ആ സീറ്റ് നഷ്ടപ്പെടുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. യെച്ചൂരിയാണ് മത്സരിക്കുന്നതെങ്കില്‍ പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com