മുട്ടിലിഴയില്ലെങ്കില്‍ അവര്‍ നിങ്ങളേയും തേടിവരും; മുന്നറിയിപ്പുകള്‍ ഓര്‍മയില്‍ വെച്ച് പൊരുതണമെന്ന് പ്രണോയ് റോയ്

തെറ്റുകള്‍ ഒന്നും ചെയ്തില്ലെങ്കില്‍ കൂടി നമ്മളെ അടിച്ചമര്‍ത്താന്‍ സാധിക്കുമെന്ന് അവര്‍ തെളിയിക്കുകയാണ്. ഈ മുന്നറിയിപ്പാണ് നമ്മള്‍ ഓര്‍മയില്‍ സൂക്ഷിക്കേണ്ടത്
മുട്ടിലിഴയില്ലെങ്കില്‍ അവര്‍ നിങ്ങളേയും തേടിവരും; മുന്നറിയിപ്പുകള്‍ ഓര്‍മയില്‍ വെച്ച് പൊരുതണമെന്ന് പ്രണോയ് റോയ്

ന്യൂഡല്‍ഹി: ജീവിതത്തില്‍ ഇന്നേവരെ കള്ളപ്പണം കൈകൊണ്ട് തൊടുകയോ, കൈക്കൂലി നല്‍കുകയോ ചെയ്തിട്ടില്ലെന്ന് എന്‍ഡിടിവി സ്ഥാപകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ പ്രണോയ് റോയ്. പ്രണോയ് റോയ്‌ക്കെതിരായ സിബിഐ നടപടിക്കെതിരെ പ്രസ് ക്ലബ് ഓഫ് ഇന്ത്യ നടത്തിയ കൂട്ടായ്മയിലായിരുന്നു പ്രണോയ് റോയിയുടെ പ്രതികരണം. 

ഇത് എന്‍ഡിടിവിക്ക് മാത്രം എതിരായ നടപടിയല്ല. എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണിത്. തെറ്റുകള്‍ ഒന്നും ചെയ്തില്ലെങ്കില്‍ കൂടി നമ്മളെ അടിച്ചമര്‍ത്താന്‍ സാധിക്കുമെന്ന് അവര്‍ തെളിയിക്കുകയാണ്. ഈ മുന്നറിയിപ്പാണ് നമ്മള്‍ ഓര്‍മയില്‍ സൂക്ഷിക്കേണ്ടത്, ഇതിനെതിരെയാണ് നമ്മള്‍ പോരാടേണ്ടത്. സിബിഐയെ വരെ രാഷ്ട്രീയക്കാര്‍ കരുവാക്കുകയാണെന്നും പ്രണോയ് റോയ് പറഞ്ഞു. 

മുട്ടിലിഴയില്ലെങ്കില്‍ നിങ്ങളേയും തേടിവരും എന്ന സന്ദേശമാണ് അവര്‍ നല്‍കുന്നത്. നിവര്‍നിന്നു പോരാടിയാല്‍ തൊടില്ല. തങ്ങള്‍ക്കെതിരെ കെട്ടിച്ചമച്ച എല്ലാ ആരോപണങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കും. സമയബന്ധിതമായി അന്വേഷണം നടക്കണം എന്ന ആവശ്യമാണ് ഞങ്ങള്‍ മുന്നോട്ടു വയ്ക്കുന്നതെന്നും പ്രണോയ് റോയി വ്യക്തമാക്കി. 

ചൈനയില്‍ ഒരു പരിപാടിക്കായി എത്തിയപ്പോഴുള്ള ഒരു ചൈനീസ് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തെ കുറിച്ച് പറഞ്ഞാണ് പ്രണോയ് റോയ് തന്റെ പ്രസംഗം ആരംഭിച്ചത്. ഇന്ത്യയില്‍ നിന്നെത്തിയ താങ്കള്‍ക്ക് ചൈനയിലെ അംബരചുമ്പികളായ കെട്ടിടങ്ങള്‍ കണ്ടിട്ട് അസൂയ തോന്നുന്നില്ലേ എന്നായിരുന്നു അയാളുടെ ചോദ്യം. ഇതിനേക്കാള്‍ വലിയ ആകാശം തൊട്ടു നില്‍ക്കുന്ന ഒരു കെട്ടിടം ഇന്ത്യയിലുണ്ട്, അഭിപ്രായ സ്വാതന്ത്ര്യം, നിങ്ങള്‍ക്കില്ലാത്തത് എന്നായിരുന്നു തന്റെ മറുപടിയെന്ന് നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ നിന്ന് പ്രണോയ് റോയ് പറഞ്ഞു. 

നമ്മുടെ വിമര്‍ശനങ്ങള്‍ സിബിഐക്കോ, നികുതി വകുപ്പിനോ എതിരല്ല. മറിച്ച് രാഷ്ട്രീയക്കാര്‍ക്ക് നേരെയാണ്. ഈ രാഷ്ട്രീയക്കാരാണ് സിബിഐ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ ദുരൂപയോഗം ചെയ്ത് രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. തീയില്ലാതെ പുക ഉണ്ടാകുമെന്ന് വിശ്വസിക്കരുത്. രാഷ്ട്രീയക്കാര്‍ക്ക് വളരെയ എളുപ്പം തീയില്ലാതെ പുകയുണ്ടാക്കാന്‍ സാധിക്കുമെന്നും പ്രണോയ് റോയ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com