മേഘാലയയില്‍ ഇന്നു ബിജെപി വിട്ടവര്‍ ബീഫ് ഫെസ്റ്റ് നടത്തും

ബീഫ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ഭക്ഷണ സംസ്‌കാരത്തോട് എത്രമാത്രം ചേര്‍ന്നു നില്‍ക്കുന്നതാണെന്നു വ്യക്തമാക്കാനാണ് ഫെസ്റ്റ് നടത്തുന്നതെന്ന് ബിജെപി വിട്ട നേതാക്കള്‍
മേഘാലയയില്‍ ഇന്നു ബിജെപി വിട്ടവര്‍ ബീഫ് ഫെസ്റ്റ് നടത്തും

ഷില്ലോങ്: കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പു നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് ഇടതു സംഘടനകള്‍ ബീഫ് ഫെസ്റ്റു നടത്തുന്നതിനെ ബിജെപി എതിര്‍ക്കുമ്പോള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒരു സവിശേഷതയുള്ള ബീഫ് ഫെസ്റ്റ് നടക്കുകയാണ്. മേഘാലയയില്‍ ബിജെപിയില്‍ നിന്നു രാജിവച്ചവരാണ് കേന്ദ്ര വിജ്ഞാപനത്തിനെതിരെ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിക്കുന്നത്. ബീഫ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ഭക്ഷണ സംസ്‌കാരത്തോട് എത്രമാത്രം ചേര്‍ന്നു നില്‍ക്കുന്നതാണെന്നു വ്യക്തമാക്കാനാണ് ഫെസ്റ്റ് നടത്തുന്നതെന്ന് ബിജെപി വിട്ട നേതാക്കള്‍ അറിയിച്ചു.

കന്നുകാലി കശാപ്പു നിയന്ത്രണം വന്‍ തിരിച്ചടിയാണ് മേഘലയയില്‍ ബിജെപിക്ക് ഉണ്ടാക്കിയിരിക്കുന്നത്. കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ അയ്യായിരത്തിലേറെ പേരാണ് സംസ്ഥാനത്ത് ബിജെപിയില്‍നിന്നു രാജി വച്ചത്. കൂടുതല്‍ നേതാക്കള്‍ വിജ്ഞാപനം പിന്‍വലിക്കണമെന്ന് ബിജെപിക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇല്ലാത്ത പക്ഷം പാര്‍ട്ടി വിടുമെന്നാണ് ഇവരുടെ ഭീഷണി. 

ഹിന്ദുത്വ ആശയം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ബിജെപിയില്‍നിന്നു രാജിവച്ചതെന്ന് പാര്‍ട്ടി വെസ്റ്റ് ഗാരോ  ജില്ലാ പ്രസിഡന്റ് ആയിരുന്ന ബെര്‍നാര്‍ എന്‍ മാരക് അറിയിച്ചു. ബീഫ് മേഘാലയയിലെ ജനങ്ങളുടെ ഭക്ഷണ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇതിനു മേല്‍ കൈ കടത്തുന്നതിനെ എന്തു വില കൊടുത്തും എതിര്‍ക്കുമെന്ന് മാരക് പറഞ്ഞു. ബീഫ് വിജ്ഞാപനത്തിനു പിന്നാലെ വെസ്റ്റ് ഗാരോ ജില്ലയില്‍ നിന്നു മാത്രം അയ്യായിരത്തിലേറെ പേരാണ് ബിജെപിയില്‍നിന്നു രാജി വച്ചത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന ബിജെപിക്കു വന്‍ തിരിച്ചടിയാണിത്. 

വെസ്റ്റ് ഗാരോ ജില്ലയുടെ ആസ്ഥാനമായ തുരയിലാണ് ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. നേതാക്കള്‍ ഉള്‍പ്പെടെ പാര്‍ട്ടി വിട്ട ഒട്ടേറെ പ്രവര്‍ത്തകര്‍ ബീഫ് ഫെസ്റ്റിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ ബീഫ് വിഭവങ്ങളും നാടന്‍ മദ്യമായ ബിച്ചിയും ആയിരിക്കും ഫെസ്റ്റില്‍ വിളമ്പുക. തനതു കലാരൂപങ്ങളും അരങ്ങേറുമെന്ന് സംഘാടകര്‍ പറഞ്ഞു. 

വെസ്റ്റ് ഗാരോ ജില്ലയിലെ തിരിച്ചടി സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ മോഹങ്ങള്‍ക്കു തടസമാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മേഘാലയയിലെ 60 നിയമസഭാ സീറ്റില്‍ 24ഉം ഈ മേഖലയിലാണ്. സമീപ കാലത്തായി ഈ മേഖലയില്‍ പാര്‍ട്ടി കാര്യമായ വേരോട്ടമുണ്ടാക്കിയിരുന്നു. ബിഫ് വിജ്ഞാപനത്തോടെ ഇതിനാണ് തിരിച്ചടിയായിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com