മാംസം കഴിക്കരുത്, ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് മന്ത്രം ചൊല്ലണം ; പാഠപുസ്തകം നിറയെ ഹിന്ദുത്വ അജണ്ടയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍

താമരയുടെ വിജയം പാശ്ചാത്യ ലോകത്തിന് മേലുള്ള ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വിജയമാണെന്നാണ് ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ പറയുന്നത്
മാംസം കഴിക്കരുത്, ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് മന്ത്രം ചൊല്ലണം ; പാഠപുസ്തകം നിറയെ ഹിന്ദുത്വ അജണ്ടയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍

ഹിന്ദുത്വ അജണ്ട വിദ്യാര്‍ഥികളിലേക്കും അടിച്ചേല്‍പ്പിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍. മാംസ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം, ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് മന്ത്രം ചൊല്ലണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരിക്കുന്ന പാഠപുസ്തകത്തില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായുള്ള ഫിസിക്കല്‍ ഹെല്‍ത്ത് ആന്‍ഡ് എഡ്യുക്കേഷന്‍ ടെക്സ്റ്റ് ബുക്കിലാണ് വിവാദ നിര്‍ദേശങ്ങളുള്ളത്. ദൈവത്തിന്റെ പ്രസാദമാണെന്ന് മനസില്‍ കരുതി തറയില്‍ ഇരുന്ന് വേണം ഭക്ഷണം കഴിക്കാന്‍. മാംസ ഭക്ഷണം കഴിക്കുന്നത് സാമൂഹിക മൂല്യങ്ങളെ ഇല്ലാതാക്കുന്നതാണെന്നും പാഠപുസ്തകത്തില്‍ കുറ്റപ്പെടുത്തുന്നു. 

ഇതുകൊണ്ടും തീര്‍ന്നില്ല, കോണ്‍ഗ്രസ് നേതാക്കളേയും പാഠപുസ്തകത്തില്‍ വിമര്‍ശിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കളായിട്ടുള്ളവര്‍ വലിയ നഗരങ്ങളില്‍ നിന്നും വന്നവരാണ്. ഇവര്‍ക്ക് ജനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും പുസ്തകത്തില്‍ പറയുന്നു. 

ഹിന്ദുത്വ വാദങ്ങളുമായാണ് പത്താം ക്ലാസിലെ തന്നെ ഇംഗ്ലീഷ് പാഠപുസ്തകവും. താമരയുടെ വിജയം പാശ്ചാത്യ ലോകത്തിന് മേലുള്ള ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വിജയമാണെന്നാണ് ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ പറയുന്നത്. രാജ്യത്ത് മുഴുവന്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഭാഷയാണ് ഹിന്ദി. രാഷ്ട്രീയത്തിനപ്പുറത്തേക്ക് ഹിന്ദിയെ വളര്‍ത്തുന്നതിനുള്ള ശ്രമങ്ങളുണ്ടാകണമെന്നും പുസ്തകത്തില്‍ നിര്‍ദേശിക്കുന്നു

ഇതിന് മുന്‍പും ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ പാഠപുസ്തക വിവാദം ഉണ്ടായിട്ടുണ്ട്. പശു വിദ്യാര്‍ഥികള്‍ക്കെഴുതിയിരിക്കുന്ന കത്തായിരുന്നു ഒരിക്കല്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായുള്ള പാഠപുസ്തകത്തില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്. ഈ കത്തില്‍ പശു വിദ്യാര്‍ഥിക്കളെ ''മക്കള്‍'' എന്ന് അഭിസംബോധന ചെയ്തതായിരുന്നു വിവാദമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com