രാഹുല്‍ ഗാന്ധിയെ പപ്പു എന്നു വിളിച്ച ഡിസിസി പ്രസിഡന്റിനെ കോണ്‍ഗ്രസ് പുറത്താക്കി

പപ്പുവിന് അനായാസം ഈ രാജ്യത്തെ പ്രധാനമന്ത്രിയാകാമായിരുന്നു, എന്നാല്‍ അദ്ദേഹം അതു ചെയ്തില്ല
രാഹുല്‍ ഗാന്ധിയെ പപ്പു എന്നു വിളിച്ച ഡിസിസി പ്രസിഡന്റിനെ കോണ്‍ഗ്രസ് പുറത്താക്കി

മീററ്റ്: രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് അഭിസംബോധന ചെയ്തു കുറിപ്പെഴുതിയ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടി പുറത്താക്കി. ഉത്തര്‍പ്രദേശില്‍ മീററ്റ് ഡിസിസി പ്രസിഡന്റ് വിനയ് പ്രധാന്‍ ആണ് എഐസിസി ഉപാധ്യക്ഷനെ പപ്പുവാക്കിയത്. പാര്‍ട്ടിയുടെ പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആയിരുന്നു വിനയ് പ്രധാന്റെ കുറിപ്പ്.

കേരളത്തില്‍ രാഷ്ട്രീയ എതിരാളികള്‍ ചെയ്യാറുള്ളതുപോലെ പപ്പുമോന്‍ എന്നു കളിയാക്കി വിളിക്കുകയല്ല മീററ്റ് ഡിസിസി പ്രസിഡന്റ് ചെയ്തത്. വളരെ ഗൗരവത്തില്‍, സ്‌നേഹത്തോടെയായിരുന്നു വിനയ് പ്രധാന്റെ അഭിസംബോധന. ആഢംബര ജീവിതം ഒഴിവാക്കി ജനകീയ നേതാവായി മാറുന്ന രാഹുലിനെക്കുറിച്ചായിരുന്നു പ്രധാന്റെ കുറിപ്പ്.

രാഹുല്‍ ഗാന്ധി രാജ്യത്തെ ഒരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ പപ്പു എന്നാണ് അറിയപ്പെടുന്നതെന്ന് കുറിപ്പില്‍ പറയുന്നു. പപ്പു ഒരിക്കലും ആഢംബര ജീവിതത്തില്‍ മതിമറന്നുപോവുന്നില്ല എന്നതിന് ജനങ്ങള്‍ സാക്ഷിയാണ്. അംബാനിയെയും അദാനിയെയും പോലുള്ള വ്യവസായികളുടെ പാര്‍ട്ടികളില്‍ പപ്പു പങ്കെടുക്കാറില്ല. ഇത്തരം ആളുകള്‍ ജനങ്ങളുടെ സ്വത്ത് ചൂഷണം ചെയ്യുന്നവരാണെന്ന് പപ്പുവിന് അറിയാം. പപ്പുവിന് അനായാസം ഈ രാജ്യത്തെ പ്രധാനമന്ത്രിയാകാമായിരുന്നു, എന്നാല്‍ അദ്ദേഹം അതു ചെയ്തില്ല. ഇങ്ങനെയൊക്കെയാണ് വിനയ് പ്രധാന്‍ എഴുതിയ കുറിപ്പു പോവുന്നത്. 

പ്രധാന്റെ കുറിപ്പ് വൈറല്‍ ആയതോടെ ഡിസിസി വക്താവ് അഭിമന്യു ത്യാഗി മുതിര്‍ന്ന നേതാക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് വിനയ് പ്രധാനെ പദവിയില്‍നിന്നു നീക്കം ചെയ്തത്. സംഭവത്തെക്കുറിച്ച് വിനയ് പ്രധാന്‍ പ്രതികരിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com