പ്രജാപതിക്ക് ജാമ്യം അനുവദിക്കാന്‍ പത്ത് കോടി കോഴ വാങ്ങി ജഡ്ജിമാരും അഭിഭാഷകരും; ജഡ്ജിമാരുടെ നിയമനത്തിലുള്ള അഴിമതിയും പുറത്ത്

പ്രജാപതി ഒഴുക്കിയ പത്ത് കോടി രൂപയില്‍ അഞ്ച് കോടി രൂപ ഇടനിലക്കാരായി നിന്ന അഭിഭാഷകര്‍ വീതിച്ചെടുത്തു. ബാക്കി അഞ്ച് കോടി രൂപ പോസ്‌കോ ജഡ്ജി മിശ്രയും, ജില്ലാ ജഡ്ജിയായ രാജേന്ദ്ര സിങ്ങും കൂടി പങ്കിട്ടെടുത്തു
പ്രജാപതിക്ക് ജാമ്യം അനുവദിക്കാന്‍ പത്ത് കോടി കോഴ വാങ്ങി ജഡ്ജിമാരും അഭിഭാഷകരും; ജഡ്ജിമാരുടെ നിയമനത്തിലുള്ള അഴിമതിയും പുറത്ത്

ന്യൂഡല്‍ഹി: പീഡനക്കേസില്‍ ജയിലിലായ യുപിയിലെ മുന്‍ മന്ത്രി ഗായത്രി പ്രജാപതിക്ക് ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ടുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം വിരല്‍ ചൂണ്ടുന്നത് ജഡ്ജിമാരുടെ അഴിമതിയിലേക്ക്. പ്രജാപതിക്ക് ജാമ്യം അനുവദിച്ചതിനെതിരെ അലഹബാദ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് ജഡ്ജിമാരുടെ നിയമനത്തില്‍ ഉള്‍പ്പെടെയുള്ള അഴിമതി കഥകള്‍ പുറത്തുവരുന്നത്. 

പത്ത് കോടി രൂപയാണ് ജാമ്യം ലഭിക്കുന്നതിനായി പ്രജാപതി ഒഴുക്കിയത്. ഒ.പി.മിശ്ര എന്ന ജഡ്ജിയായിരുന്നു പ്രജാപതിക്ക് ജാമ്യം അനുവദിച്ചത്. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 

പീഡനം, കൊലപാതകം എന്നീ കേസുകള്‍ പരിഗണിക്കുന്ന കോടതികളിലെ ജഡ്ജിമാരുടെ നിയമനത്തില്‍ ഉന്നത തലത്തില്‍ വലിയ അഴിമതി നടക്കുന്നുണ്ടെന്നും അലഹബാദ് ചീഫ് ജസ്റ്റിസ് ദിലീപ്.ബി.ബോസലെ ഉത്തരവിട്ട അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അഡീഷണല്‍ സെഷന്‍സ് ജഡ്ജായിരുന്ന ഒ.പി.മിശ്രയെ സര്‍വീസില്‍ നിന്നും വിരമിക്കുന്നതിന് മൂന്ന് ആഴ്ച മുന്‍പാണ് പോസ്‌കോ കോടതിയിലേക്ക് മാറ്റുന്നത്. നടപടിക്രമങ്ങള്‍ ലംഘിച്ചായിരുന്നു മിശ്രയെ പോസ്‌കോ കോടതിയിലേക്ക് നിയമിച്ചത്. പ്രജാപതിക്ക് ജാമ്യം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. 

ജാമ്യത്തിനായി പ്രജാപതി ഒഴുക്കിയ പത്ത് കോടി രൂപയില്‍ അഞ്ച് കോടി രൂപ ഇടനിലക്കാരായി നിന്ന അഭിഭാഷകര്‍ വീതിച്ചെടുത്തു. ബാക്കി അഞ്ച് കോടി രൂപ പോസ്‌കോ ജഡ്ജി മിശ്രയും, ജില്ലാ ജഡ്ജിയായ രാജേന്ദ്ര സിങ്ങും കൂടി പങ്കിട്ടെടുത്തു എന്നുമാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. 

ജില്ലാ ജഡ്ജിയായ രാജേന്ദ്ര സിങ്ങായിരുന്നു മിശ്രയെ പോസ്‌കോ ജഡ്ജിയായി നിയമിച്ചത്. സിങ്ങിനെ അന്വേഷണ സംഘം ചോദ്യം ചെയ്തതിന് പിന്നാലെ ഹൈക്കോടതി ജഡ്ജിയായി സിങ്ങിനെ ഉയര്‍ത്തുന്ന നടപടികള്‍ സുപ്രീംകോടതി തടഞ്ഞിട്ടുണ്ട്. 

പീഡനക്കേസില്‍ ആരോപണം നേരിട്ടിരുന്ന പ്രജാപതിക്കെതിരെ കേസെടുക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചപ്പോള്‍ മാത്രമായിരുന്നു ഉത്തര്‍പ്രദേശ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായത്. മാര്‍ച്ച് 15 പൊലീസ് അറസ്റ്റ് ചെയ്ത പ്രജാപതിക്ക് ഏപ്രില്‍ 24ന് ജാമ്യം അനുവദിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com